ഫിഫ ലോകകപ്പ്: ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി

By Web Team  |  First Published Oct 19, 2022, 4:30 PM IST

വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം. എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. 


റിയാദ്: അടുത്തമാസം 20 മുതൽ ദോഹയിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാൻസ് ടിക്കറ്റായ ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകി തുടങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്. 

ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം. എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. ഹയ്യ കാർഡ് ഉടമകൾക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ്‌ ഫോം വഴി https://visa.mofa.gov.sa എന്ന ലിങ്കിൽ വിസയ്ക്ക് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി അപേക്ഷിച്ചാൽ ഓൺലൈനായി തന്നെ വിസ ലഭിക്കും. 

Latest Videos

Read also: 10 മാസമായി ശമ്പളമില്ല, ഇപ്പോള്‍ ഭക്ഷണവും മുടങ്ങി; മലയാളികളടക്കം നാന്നൂറോളം പ്രവാസികള്‍ ദുരിതത്തിൽ

അതേസമയം ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവരെ സ്വീകരിക്കാൻ സൗദി - ഖത്തര്‍ അതിർത്തിയായ അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നവംബർ ഒന്നു മുതല്‍ മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഫുട്‍ബോള്‍ ആരാധകർക്ക് റോഡ് മാർഗം ഖത്തറിലേക്കുള്ള പ്രവേശനം. ഖത്തറിലേക്ക് വരുന്നവരുടെ കൈവശം ഹയ്യാ പോർട്ടലിൽ റജിസ്റ്റർ ചെയ്‍തിരിക്കുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ഫുട്‍ബോള്‍ ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സംറ അതിർത്തിയിലെ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Read also: ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

click me!