അറബി എഴുത്തുകാരുടെ കൃതികൾക്ക് സുവർണ തൂലിക പുരസ്കാരവുമായി സൗദി അറേബ്യ; 7.40 ലക്ഷം റിയാലിന്റെ അവാർഡുകൾ

By Web Team  |  First Published Sep 20, 2024, 11:48 AM IST

ആറ് വിഭാഗങ്ങളിൽ മികച്ച കൃതികൾക്ക് അവാർഡുകൾ നൽകും. മികച്ച നോവൽ, മികച്ച തിരക്കഥ, മികച്ച വിവർത്തന നോവൽ, മികച്ച അറബ് പ്രസാധകൻ, ജനങ്ങൾ തെരഞ്ഞെടുക്കുന്ന മികച്ച കൃതി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം


റിയാദ്: വായനക്കാരെ ഏറ്റവും സ്വാധീനിക്കുന്ന സാഹിത്യകൃതികൾക്കുള്ള ഗോൾഡൻ പെൻ അവാർഡിനായി അറബി ഭാഷ സംസാരിക്കുന്ന എഴുത്തുകാരിൽനിന്ന് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) അപേക്ഷകൾ ക്ഷണിച്ചു. പുരസ്കാരം നേടുന്ന കൃതികൾ ജി.ഇ.എ സിനിമകളാക്കുമെന്ന് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ അൽ ശൈഖ് അറിയിച്ചു. 

സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ സ്പോൺസർ ചെയ്യുന്ന പുരസ്കാരത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കും. പ്രാഥമികമായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യ പട്ടിക നവംബർ 30 നും ഷോർട്ട്‌ലിസ്റ്റ് ഡിസംബർ 30 നും പ്രഖ്യാപിക്കും. എഴുത്തുകാർ, ബുദ്ധിജീവികൾ, സിനിമാ നിർമാതാക്കൾ, അഭിനേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന പ്രൗഢമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Latest Videos

undefined

ആറ് വിഭാഗങ്ങളിൽ മികച്ച കൃതികൾക്ക് അവാർഡുകൾ നൽകും. മികച്ച നോവൽ, മികച്ച തിരക്കഥ, മികച്ച വിവർത്തന നോവൽ, മികച്ച അറബ് പ്രസാധകൻ, ജനങ്ങൾ തെരഞ്ഞെടുക്കുന്ന മികച്ച കൃതി എന്നീ വിഭാഗങ്ങളിലായി മൊത്തം 740,000 റിയാൽ മൂല്യമുള്ള പുരസ്കാരങ്ങളാണ് നൽകുക. തിരക്കഥ വിഭാഗത്തിൽ ഒരു ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50,000 റിയാലും മൂന്നാം സമ്മാനം 30,000 റിയാലുമാണ്. ഇതിൽ ഒന്നും രണ്ടും സമ്മാനം നേടുന്ന കൃതികൾ സിനിമയാക്കും.

നോവൽ വിഭാഗത്തിൽ 25,000 റിയാൽ വീതമുള്ള എട്ട് അവാർഡുകളാണുള്ളത്. സസ്പെൻസ് ത്രില്ലർ, മിസ്റ്ററി ആൻഡ് ക്രൈം നോവൽ, റൊമാൻസ് നോവൽ, ഫാൻറസി നോവൽ, കോമഡി നോവൽ, ചരിത്ര നോവൽ, ഹൊറർ നോവൽ, റിയലിസ്റ്റിക് നോവൽ എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന കൃതികൾക്കാണ് അവാർഡ്. മികച്ച വിവർത്തിത നോവലിന് ഒരു ലക്ഷം റിയാലും മികച്ച അറബ് പ്രസാധകന് 50,000 റിയാലും ജനകീയ അവാർഡ് നേടുന്ന കൃതിക്ക് 30,000 റിയാലും ലഭിക്കും. ജനകീയ വോട്ടിനുള്ള വെബ്സൈറ്റ് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

click me!