സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു, പ്രവാസികൾക്കും ​ഗുണം ചെയ്യും

സ്ത്രീകൾക്കുള്ള പ്രസവാവധി 12 ആഴ്ചയായി ഉയർത്തിയിട്ടുണ്ട്. പങ്കാളി മരണപ്പെടുകയാണെങ്കിൽ തൊഴിലാളിക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്കും അർ​​ഹതയുണ്ട്


റിയാദ് : സൗദിയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നുതിനും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് തൊഴിൽ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നതെന്നത് മന്ത്രാലയം പറഞ്ഞു. നിയമത്തിലെ പുതിയ ഭേദ​ഗതികൾ ഏറ്റവും കൂടുതൽ ​ഗുണം ചെയ്യുന്നത് സ്ത്രീകൾക്കാണ്. സ്ത്രീകൾക്കുള്ള പ്രസവാവധി 12 ആഴ്ചയായി ഉയർത്തിയിട്ടുണ്ട്. 10 ആഴ്ചയായിരുന്നു മുൻപ് അനുവദിച്ചിരുന്നത്. പങ്കാളി മരണപ്പെടുകയാണെങ്കിൽ തൊഴിലാളിക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അർ​​ഹതയുണ്ടെന്നും പുതിയ ഭേദ​ഗതികളിൽ വ്യക്തമാക്കുന്നതായി മന്ത്രാലയം അറിയിച്ചു. കൂടാതെ വിവാഹത്തിനും അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി ലഭിക്കും. 

ഒരു തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നതിനും കൃത്യമായ കാലയളവ് പുതിയ ഭേദ​ഗതിയിൽ പറയുന്നുണ്ട്. തൊഴിലാളിയുടെ ഭാ​ഗത്തുനിന്നാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ നോട്ടീസ് 30 ദിവസവും തൊഴിലുടമയുടെ ഭാ​ഗത്തുനിന്നാണെങ്കിൽ 60 ദിവസവുമായിരിക്കും. കൂടാതെ, അവധി ദിവസങ്ങളിൽ ജോലിയെടുക്കുന്നത് ഓവർടൈമായി കണക്കാക്കുകയും ചെയ്യും. ഇതിനായി ജീവനക്കാർക്ക് അധിക വേതനം നൽകുകയും വേണം. ട്രയൽ കാലയളവ് പരമാവധി 180 ദിവസം വരെയായിരിക്കുമെന്നും പരിഷ്കരിച്ച നിയമത്തിൽ പറയുന്നു. വംശം, നിറം, ലിംഗഭേദം, വൈകല്യം അല്ലെങ്കിൽ സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും കർശനമായി നിരോധിച്ചിട്ടുണ്ട്. 

Latest Videos

read also: ഇനി ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ട്രാൻസിറ്റ് വിസയിലും ഉംറ നിർവഹിക്കാം

പുതിയ ഭേദ​ഗതിയിൽ ലൈസൻസില്ലാതെ ജോലി നൽകുന്നവർക്ക് പിഴ ലഭിക്കുകയും ചെയ്യും. ഇത് തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാനും സഹായിക്കുന്നു. തൊഴിലാളികൾക്ക് അവരുടെ തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യവും പുതിയ പരിഷ്കാരത്തിൽ നൽകിയിട്ടുണ്ട്. വിസ നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുള്ളതിനാൽ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനും കഴിയും. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തിലൊന്നാണ് ഇന്ത്യക്കാർ. അതുകൊണ്ടുതന്നെ പുതിയ തൊഴിൽ നിയമ ഭേദ​ഗതികൾ തങ്ങൾക്കും ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവർ.  

click me!