അഞ്ചാമത് റിയാദ് സീസൺ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
റിയാദ്: റഷ്യൻ വംശജനായ കനേഡിയൻ ബോക്സർ ആർചർ ബെറ്റർബിയേവ് റഷ്യൻ എതിരാളി ദിമിത്രി ബിവോളിനെ ഇടിച്ച് നിലംപരിശാക്കി ‘നാലാമത് വേൾഡ് ബോക്സിങ് അസോസിയേഷൻ ബെൽറ്റ്’ സ്വന്തമാക്കിയ ഇടിപ്പൂരത്തോടെ അഞ്ചാമത് റിയാദ് സീസണ് തുടക്കമായി. റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രിയെ കിടിലം കൊള്ളിച്ച ‘ഫോർ ക്രൗൺ ഷോഡൗൺ’ ബോക്സിങ് പോരാട്ടത്തിൽ ജഡ്ജിമാരുടെ ഭൂരിപക്ഷ പോയിൻറ് തീരുമാനത്തിൽ ലൈറ്റ്-ഹെവിവെയ്റ്റ് വേൾഡ് ചാമ്പ്യനായ ബെറ്റർബിയേവിനെ സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ൈഖെ് കിരീടം ചൂടിച്ചു.
മൂന്ന് റിങ് സൈഡ് വിധികർത്താക്കളിൽ രണ്ട് പേർ ബെറ്റർബിയേവിനും ദിമിത്രി ബിവോളിനും 115-113, 116-112 എന്നീ പോയിൻറ് അനുപാതത്തിൽ സ്കോർ നൽകിയപ്പോൾ മൂന്നാമത്തെ വിധികർത്താവ് 114-114 എന്ന സമനില സ്കോറാണ് നൽകിയത്. റിയാദിലെ ഈ പോരാട്ടത്തിന് മുമ്പ് ഇരുവരും അജയ്യ ശക്തികളായിരുന്നു. 33-കാരനായ ബിവോൾ ഡബ്ല്യു.ബി.എ ബെൽറ്റ് ജേതാവും 39 കാരനായ ബെറ്റർബിയേവ് ഡബ്ല്യു.ബി.സി, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് ചാമ്പ്യനുമായിരുന്നു. എന്നാൽ ഞായറാഴ്ച കിങ്ഡം അരീനയിലെ ഗോദ ഒടുവിൽ വിധിയെഴുതി അനിഷേധ്യനായ ഇടിവെട്ട് താരം ബെറ്റർബിയേവ് തന്നെയെന്ന്. ബെറ്റർബിയേവിനെ 12 റൗണ്ടുകളിൽ എതിരിട്ട ബിവോൾ, നോക്കൗട്ടിലൂടെയോ സ്റ്റോപ്പേജിലൂടെയോ വിജയിച്ചതിെൻറ 100 ശതമാനം റെക്കോർഡുമായി ഒരു ചാമ്പ്യനെതിരെ അവസാന നിമിഷം വരെ പിടിച്ചുനിന്ന് പൊരുതുന്ന ആദ്യ റണ്ണറപ്പെന്ന റെക്കോർഡ് സ്വന്തമാക്കി. എന്നാൽ ലോകത്തെ ബോക്സിങ് രംഗത്തെ ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.സി, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് എന്നീ നാല് ചാമ്പ്യൻഷിപ്പുകളും നേടുന്ന കഴിഞ്ഞ 25 വർഷത്തിനിടയിലെ ആദ്യ ബോക്സിങ് ചാമ്പ്യനായി ബെറ്റർബിയേവ്.
തുടർന്ന് നടന്ന ‘അണ്ടർകാർഡ്’ മിഡിൽ വെയ്റ്റ് ബോക്സിങ് പോരാട്ടത്തിൽ മെക്സിക്കൻ ബോക്സർ ക്രിസ്റ്റ്യൻ ലോപ്പസിനെ ഇടിച്ചിട്ട് കാലിഫോർണിയൻ ബോക്സർ മാർക്കോ മാരിക് ചാമ്പ്യനായി. ഇതേ വിഭാഗത്തിൽ കൊളമ്പ്യൻ ബോക്സർ ജീസസ് ഗോൺസാലസിനെതിരെ സൗദി ബോക്സർ മുഹമ്മദ് അൽ അഖ്ൽ അതുല്യ വിജയം സ്വന്തമാക്കി. ബ്രിട്ടീഷ് ബോക്സർമാരായ ബെൻ വിറ്റേക്കറും വില്യം കാമറൂണും തമിൽ നടന്ന വിറ്റേക്കറുടെ കാലിനേറ്റ പരിക്കോടെ സമനിലയിൽ അവസാനിപ്പിച്ചു. ശേഷം റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിറ്റേക്കർ സുഖംപ്രാപിച്ചു.
വനിതാ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ താരം സ്‌കൈ നിക്കോൾസൺ ബ്രിട്ടീഷ് താരം റേവൻ ചാപ്മാനെ തോൽപ്പിച്ച് ലോക ഫെതർ വെയ്റ്റ് ബോക്‌സിങ് കിരീടം നിലനിർത്തി. ക്രിസ് യൂബാങ്ക് ജൂനിയർ ഐ.ബി.ഒ മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ കാമിൽ സെറെമിറ്റയെ നോക്കൗട്ടിൽ പരാജയപ്പെടുത്തി. പോരാട്ടത്തിന് ശേഷം, ബോക്സർ കോനോർ ബെൻ തെൻറ ബദ്ധവൈരിയായ ക്രിസ് യൂബാങ്ക് ജൂനിയറിനെ ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറിെൻറ സാന്നിധ്യത്തിൽ വെല്ലുവിളിച്ചത് കൗതുകം പകർന്നു.
Read Also - നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്
ആറാം റൗണ്ടിൽ സാങ്കേതികമായ നോക്കൗട്ടിൽ ജാക്ക് മാസിയെ തോൽപ്പിച്ച് ജെയ് ഒബാറ്റ തെൻറ ക്രൂസർവെയ്റ്റ് കിരീടം നിലനിർത്തി. ഫാബിയോ വാർഡ്‌ലി തെൻറ ഡബ്ല്യു.ബി.എ ഹെവിവെയ്റ്റ് കിരീടം നിലനിർത്തിക്കൊണ്ട് ഫ്രേസിയർ ക്ലാർക്കിനെതിരായ പോരാട്ടം ആദ്യ റൗണ്ട് നോക്കൗട്ടിലൂടെ പൂർത്തിയാക്കി. റിയാദ് സീസൺ ഉദ്ഘാടന ചടങ്ങ് ബോക്സിങ് പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് കിങ്ഡം അരീന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് സമ്മാനിച്ചത്. തുടർന്ന് സീസൺ ഉദ്ഘാടന പരിപാടിയെ മിസ്സി ഏലിയറ്റ്, കിയാറ, ബുസ്റ്റ റിംസ് എന്നിവരുടെ സംഗീത വിരുന്ന് മധുരതരമാക്കി. റിയാദിെൻറ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുമുണ്ടായി. ഡ്രോണുകൾ ലേസർ രശ്മികൾ കൊണ്ട് റിയാസ് സീസൺ ലോഗോ വരച്ചു. പരിപാടിയിൽ സംബന്ധിച്ച കാണികൾക്ക് വേണ്ടി ഒരുക്കിയ നറുക്കെടുപ്പിലെ വിജയിക്ക് സ്പെഷ്യൽ മെർസിഡസ് ബെൻസ് ജി ക്ലാസ് കാർ സമ്മാനിച്ചു. ഇനി നാല് മാസം റിയാദ് സീസൺ ആഘോഷ നിറവിലാവും സൗദി തലസ്ഥാന നഗരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം