ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശൈഖ മഹ്റ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ രണ്ടുപേരും മാത്രം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അത്യാഡംബരം നിറഞ്ഞ രാജകീയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശൈഖ മഹ്റ തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഫോളോവേഴ്സുമായി പങ്കുവെക്കാറുമുണ്ട്. ശൈഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമുമായുള്ള വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ശൈഖ മഹ്റ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
എന്നാല്‍ ശൈഖ മഹ്റയുടെ പുതിയ പോസ്റ്റ് ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. ശൈഖ് മനയുമായുള്ള വിവാഹബന്ധം വേര്‍പിരിയിന്നുവെന്നാണ് ശൈഖ മഹ്റ പുതിയ പോസ്റ്റില്‍ പറയുന്നത്. 'ഖലീജ് ടൈംസാ'ണ് ശൈഖ മഹ്റയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഉദ്ധരിച്ച് വിവാഹ മോചന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശൈഖ മഹ്റ പങ്കുവെച്ച കുറിപ്പില്‍ വിവാഹമോചനം നേടുന്നുവെന്ന് മൂന്ന് തവണ ആവര്‍ത്തിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അതേസമയം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇവര്‍ നീക്കം ചെയ്തിട്ടുണ്ട്.
Read Also - രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശൈഖ മഹ്റ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ രണ്ടുപേരും മാത്രം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. 2023 ഏപ്രിലിലാണ് ശൈഖ മഹ്റയും ശൈഖ് മനയും ഔദ്യോഗികമായി വിവാഹവാര്‍ത്ത പ്രഖ്യാപിച്ചത്. 2024 മെയ് മാസത്തില്‍ ഇവര്‍ക്ക് മകള്‍ പിറന്നു. ശൈഖ മഹ്റ ബിന്‍ത് മന ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് മകള്‍ക്ക് നല്‍കിയ പേര്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദമ്പതികള്‍ ജന്‍ഡര്‍ റിവീല്‍ ആഘോഷവും നടത്തിയിരുന്നു.