ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞത്.
ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നടത്തിയ പ്രസ്‍താവനക്കെതിരെ ശക്തമായ പ്രതികരണവുമായി ഖത്തര്‍. ദോഹയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ. ക്ലോഡിയസ് ഫിഷ്‍ബകിനെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസ്‍താവനയെ പൂര്‍ണമായും തള്ളിക്കളഞ്ഞ ഖത്തര്‍, ഇത്തരം പരാമര്‍ശങ്ങളോടുള്ള അതൃപ്തിയും അറിയിച്ചു. ഇക്കാര്യത്തില്‍ അംബാസഡറോട് വിദേശകാര്യ മന്ത്രാലയം വിശദീകരണവും തേടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി അനീതി നേരിട്ടുകൊണ്ടിരുന്ന ഒരു മേഖലയ്ക്ക് കിട്ടിയ നീതി മാത്രമായിരുന്നു ഖത്തറിന് ലഭിച്ച ലോകകപ്പ് ആതിഥേയത്വമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സംസ്‍കാരവും പാരമ്പര്യവും മുഴുവന്‍ ലോകത്തോടും വിളിച്ചോതുന്ന ഏറ്റവും മികച്ച ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തര്‍ പ്രതിബദ്ധമാണെന്നും ജര്‍മനിക്ക് നല്‍കിയ പ്രതിഷേധ പ്രസ്‍താവനയില്‍ ഖത്തര്‍ പറയുന്നു.
ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞത്. അടുത്തയാഴ്ച ഖത്തര്‍ സന്ദര്‍ശിക്കാനിരിക്കെ ഇത്തരത്തിലുള്ള പ്രസ്‍താവനകള്‍ നടത്തുന്നത് നയതന്ത്ര നിയമങ്ങള്‍ക്കും കീഴ്‍വഴക്കങ്ങള്‍ക്കും എതിരാണെന്നും ജര്‍മനിയും ഖത്തറും തമ്മില്‍ എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ഉറച്ച ബന്ധം പരാമര്‍ശിച്ച് ഖത്തര്‍ അറിയിച്ചു.
ഐക്യരാഷ്ട്ര സഭാ ഏജന്‍സികളും പ്രമുഖ മനുഷ്യാവകാശ സംഘടനകളും തൊഴില്‍ രംഗത്ത് ഖത്തര്‍ കൊണ്ടുവന്ന പരിഷ്‍കാരങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളുടെയും ആസൂത്രണങ്ങളുടെുയും ഫലമായി നടപ്പാക്കിയ ഇത്തരം പരിഷ്‍കാരങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട നിരവധി തൊഴില്‍ നിയമങ്ങളും പുതിയ രീതികളും ജര്‍മനിക്ക് കൈമാറിയ വിജോയനക്കുറിപ്പില്‍ ഖത്തര്‍ എടുത്തുപറഞ്ഞു.
ലോകകപ്പ് സംഘാടനത്തിന്റെ പേരില്‍ പലകോണുകളില്‍ നിന്ന് ഖത്തറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിച്ച മറ്റൊരു രാജ്യവും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രചരണമാണ് ഖത്തറിനെതിരെ നടക്കുന്നതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അഭിപ്രായപ്പെട്ടിരുന്നു.
Read also: ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി