ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ; രാജ്യമെങ്ങും ആഘോഷങ്ങൾ, അവധി ആഘോഷമാക്കി പ്രവാസികളും

By Web Team  |  First Published Dec 18, 2024, 1:57 PM IST

ആഘോഷങ്ങളിൽ സ്വദേശികൾക്കൊപ്പം സജീവമാണ് പ്രവാസികളും. ഇത്തവണ അവധി ലഭിക്കുക നാല് ദിവസം


ദോഹ: ഐക്യത്തിന്റെയും മഹത്തായ പാരമ്പര്യത്തിന്റെയും ഓർമപ്പെടുത്തലായും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയ്ക്ക് പ്രചോദനമായും ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ് ഖത്തർ. രാജ്യത്തുടനീളം വിവിധ പരിപാടികൾ ഇന്നും വരും ദിവസങ്ങളിലുമെല്ലാം അരങ്ങേറും. രണ്ട് ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമെ വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ഇത്തവണ നാല് ദിവസത്തെ അവധിയാണ് ദേശീയ ദിനത്തിൽ ലഭിക്കുക.

രാജ്യത്തിന്റെ അഭിമാനവും സമ്പന്നമായ പാരമ്പര്യവും മുറുകെപ്പിടിക്കുമ്പോഴും ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങളിലെ ജനവിഭാഗങ്ങളുമായി കൈകോർത്തു പിടിച്ച് മുന്നേറുകയാണ് ഖത്തർ. പോയ കാലത്ത് രാജ്യത്തിന് വഴികാട്ടിയ മുൻഗാമികളുടെ കാലടികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായി ദേശീയ ദിനത്തെ ഖത്തർ ഉപയോഗപ്പെടുത്തുകയാണ്. 

Latest Videos

undefined

സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം. ഒരാഴ്ച മുമ്പ് തന്നെ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. ഡിസംബർ 21 വരെയുള്ള ദിവസങ്ങളിൽ 104 സാംസ്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഇതിന് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെല്ലാം വിവിധ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 18, 19തീയ്യതികളിലാണ് രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനഃരാരംഭിക്കുക.

ദേശീയ ദിനാഘോഷ പരിപാടികളിൽ സ്വദേശികളെപ്പോലെ പ്രവാസികളും പങ്കാളികളാണ്. ഖത്തർ നൽകുന്ന സുരക്ഷിതത്വത്തിനും അവസരങ്ങൾക്കും രാജ്യത്തിന് നന്ദി പറയുകയാണ് പ്രവാസികൾ. നാല് ദിവസത്തെ അവധി ഉപയോഗപ്പെടുത്തി വിപുലമായ പരിപാടികളുമായി തിരക്കിലാണ് പ്രവാസികൾ. വിവിധ സൗഹൃദ രാജ്യങ്ങൾ ദേശീയ ദിനത്തിൽ ഖത്തർ ഭരണകൂടത്തിന് ആശംസകൾ കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!