ചില യാത്രക്കാരെ എയർപോർട്ടിൽ തടഞ്ഞു, ടിക്കറ്റുകൾ റദ്ദാക്കി; ഇന്ത്യക്കാരേ ശ്രദ്ധിക്കൂ, മറക്കരുത് എമിറേറ്റ്സ് ഐഡി

By Web Team  |  First Published Oct 6, 2024, 3:54 PM IST

വിവിധ എയര്‍പോര്‍ട്ടുകളില്‍ പല യാത്രക്കാര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായതോടെ ചിലര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കി മറ്റൊരു ദിവസത്തേക്ക് യാത്ര നീട്ടി വെക്കേണ്ടതായും വന്നു. 


അബുദാബി: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ ശ്രദ്ധിക്കുക. യുഎഇയിലേക്ക് മടങ്ങുന്ന ചില ഇന്ത്യക്കാര്‍ക്ക് എമിറേറ്റ്സ് ഐഡി കൈവശം ഇല്ലാത്തതിന്‍റെ പേരില്‍ ഇന്ത്യൻ എയര്‍പോര്‍ട്ടുകളില്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. 

സാധുവായ ഡിജിറ്റല്‍ എമിറേറ്റ്സ് ഐഡി ഉണ്ട്. എന്നാല്‍ എമിറേറ്റ്സ് ഐഡി കൈവശമില്ലാത്തതാണ് ഇന്ത്യന്‍ യാത്രക്കാരെ വലയ്ക്കുന്നത്. ഇതോടെ ചില യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനായില്ല. ടിക്കറ്റ് റദ്ദാക്കുക, യാത്രയ്ക്ക് കാലതാമസം, സാമ്പത്തിക നഷ്ടം എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകളാണ് പ്രവാസി ഇന്ത്യന്‍ യാത്രക്കാര്‍ നേരിട്ടത്. 

Latest Videos

undefined

എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കാന്‍ മറന്നത് മൂലം മംഗളൂരു ബാജ്പെ എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞതായി ഷാര്‍ജയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന അസീം അഹ്മദ് 'ഖലീജ് ടൈംസി'നോട് പറഞ്ഞു. എമിറേറ്റ്സ് ഐഡി മറന്നതിനാല്‍ ടിക്കറ്റ് റദ്ദാക്കിയെന്നും തുടര്‍ന്ന് യുഎഇയില്‍ നിന്ന് എമിറേറ്റ്സ് ഐഡി അയച്ചു തന്ന ശേഷം മറ്റൊരു ദിവസമാണ് യാത്ര ചെയ്യനായതെന്നും അസീം പറഞ്ഞു. എമിറേറ്റ്സ് ഐഡി കൈവശമില്ലാത്തത് മൂലം പല ഇന്ത്യന്‍ യാത്രക്കാര്‍ക്കും ഇത്തരത്തില്‍ വിവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി 'ഖലീജ് ടൈംസി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിറ്റല്‍ താമസരേഖകളിലേക്ക് യുഎഇ മാറിയെങ്കിലും യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളില്‍ പോയി തിരികെ എത്തുന്ന യാത്രക്കാര്‍ക്ക് എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കേണ്ടത് അനിവാര്യമായി വരാറുണ്ട്. അതുകൊണ്ട് യുഎഇയിലേക്കുള്ള യാത്രക്കാര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കണമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റി 2022ലാണ്  എമിറേറ്റ്സ് ഐഡി ഔദ്യോഗിക താമസ രേഖയായി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയായിരുന്നുച അപ്ഡേറ്റ് ചെയ്ത എമിറേറ്റ്സ് ഐഡിയില്‍ താമസരേഖ തെളിയിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷന്‍ കൗണ്ടറുകളില്‍ ഈ വിവരങ്ങള്‍ ഡിജിറ്റലി പരിശോധിക്കാനാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!