ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ദില്ലി: ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായാണ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയത്. ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഗൾഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് അറിയിച്ചത്. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.