10 ദിവസം നീളുന്ന ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് തുടങ്ങും.
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാമേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും. 10 ദിവസം നീളുന്ന മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പുകൾ അൽ ഹരീഖ് ഗവർണറേറ്റ് പൂർത്തിയാക്കുന്നു. മധ്യപ്രവിശ്യയിൽ റിയാദ് നഗരത്തിൽ നിന്ന് 193 കിലോമീറ്റർ തെക്കുഭാഗത്തുള്ള ഉൾനാടൻ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിെൻറ കീഴിൽ നാഷനൽ അഗ്രികൾച്ചറൽ സർവിസസ് കമ്പനിയാണ് ഈ കാർഷികോത്സവത്തിെൻറ സംഘാടകർ. ഒമ്പതാമത് മേളയാണ് ഇത്തവണത്തേത്.
മേളയിലെത്തുന്ന മൊത്ത, ചില്ലറ കച്ചവടക്കാരും സാധാരണ ജനങ്ങളുമെല്ലാം വൻതോതിൽ ഇവ വാങ്ങിക്കൊണ്ടുപോകും. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ 10 ദിവസത്തെ മേളയിലെത്തുക പതിവാണ്. പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ആളുകൾ വരാറുണ്ട്. മേള സന്ദർശിക്കുന്നവരിൽ സമൂഹത്തിെൻറ നാനാതുറകളിൽപ്പെട്ടവരും ചെറുകിടക്കാരും വൻകിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മേളയാണെന്ന് പറയപ്പെടാൻ കാരണം അതാണ്. ഹരീഖിലെ 350 ഓറഞ്ച് തോട്ടങ്ങളിൽ ആകെയുള്ള 94,000 മരങ്ങളിൽ നിന്ന് പ്രതിവർഷം വിളയുന്നത് 5,000 ടൺ പഴങ്ങളാണ്.
Read Also - വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസി നിയമലംഘകരെ നാടുകടത്തി സൗദി അറേബ്യ
ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ അബു സുറ, വലൻസിയ ‘സമ്മർ’, ബുർതുകാൽ സുക്കരി, ഷമൂത്വി എന്നീ ഓറഞ്ചുകളാണ്. കൂടാതെ ഡാലിയ നാരങ്ങ, പോമെലോ നാരങ്ങ, ടാൻഗറിന നാരങ്ങ, ലിമോക്വാറ്റ്, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകൾ, മാൻടറിൻ ഒാറഞ്ച്, അബൂ ശബ്ക ഒാറഞ്ച്, ക്വിനോവ ഒാറഞ്ച്, ക്ലെമൻ്റൈൻ ഒാറഞ്ച് എന്നിവയും പ്രദേശത്ത് ഉൽപാദിപ്പിക്കുന്നതിൽപ്പെടും. അത്യപൂർവയിനങ്ങൾ ഉൾപ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങളും മേളക്കെത്തുന്നവർ സന്ദർശിക്കാറുണ്ട്.