2-ാം ക്ലാസ് മുതൽ പഠനം വീട്ടിലിരുന്ന് മാത്രം; മലയാളി ദമ്പതികളുടെ മകൾക്ക് അമേരിക്കൻ സർവ്വകലാശാലയുടെ ഉന്നത അവാർഡ്

By Web Team  |  First Published Jun 11, 2024, 4:48 AM IST

സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം കുട്ടികളിലെ മാറ്റം മനസ്സിലാക്കിയാണ് പഠനം വീട്ടിലേക്ക് മാറ്റിയത്. സൈക്കോളജി ബിരുദധാരിയായ അമ്മ രേഖയാണ് മികച്ച സിലബസ് തെരഞ്ഞെടുത്ത്, ചുമതലയേറ്റെടുത്തത്. 


സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പഠിച്ച മലയാളി പെൺകുട്ടിക്ക് പ്രശസ്ത അമേരിക്കൻ സർവ്വകലാശാലയായ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ ഉന്നത അവാർഡ്. ദുബായിലെ മലയാളി ദമ്പതികളുടെ മകളായ ഡൊറോത്തി ജേൻ തോമസാണ് 'റിച്ചാർഡ് ജെ എസ്റ്റസ്' അവാർഡ് നേടിയത്. ആശിഷ് തോമസിന്റെയും രേഖ തോമസിന്റെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ഡൊറോതി ജേൻ തോമസ്.

രണ്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഡൊറോതി ജേൻ തോമസ് പഠിച്ചത് വീട്ടിലിരുന്ന്. ഇപ്പോൾ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ എംഫിലിന് ചേർന്നിരിക്കുന്നു. നോൺ പ്രോഫിറ്റ് ലീഡർഷിപ്പിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ഡൊറോത്തി ജേൻ തോമസിന് പഠനമികവും സാമൂഹ്യ പ്രതിബദ്ധതയും കണക്കിലെടുത്താണ് റിച്ചാർഡ് ജെ എസ്റ്റസ് അവാർഡ്. അക്കാദമിക മികവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ ശേഷിയുള്ള വിദ്യാർത്ഥിക്ക് നൽകുന്ന അവാർഡാണിത്.

Latest Videos

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്‍മെന്റിൽ ബിരുദമെടുത്ത മൂത്ത മകൾ സ്റ്റെഫനി നിലവിൽ ദുബായിൽ ജോലി ചെയ്യുന്നു. രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി ഉൾപ്പടെ മൂന്ന് ബിരുദങ്ങളുണ്ട്. ഇളയ മകൾ ഡേറിയൻ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ന്യൂറോ സയൻസ് വിദ്യാർത്ഥിയാണ്. ഇരുവരും അക്കാദമിക മികവിന് യു.എസ് പ്രസിഡന്റ് അവാർഡ് നേടിയവരാണ്. സ്റ്റെഫനി നാലാം ക്ലാസിന് ശേഷവും ഡൊറോതി രണ്ടാം ക്ലാസിന് ശേഷവും ഡേറിയൻ കെ.ജിക്ക് ശേഷവും സ്കൂളിൽ പോയിട്ടില്ല. എല്ലാവരെയും വീട്ടിലിരുത്തി അമ്മ രേഖയാണ് പഠിപ്പിച്ചത്.

സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം കുട്ടികളിലെ മാറ്റം മനസ്സിലാക്കിയാണ് പഠനം വീട്ടിലേക്ക് മാറ്റിയത്. സൈക്കോളജി ബിരുദധാരിയായ അമ്മ രേഖയാണ് മികച്ച സിലബസ് തെരഞ്ഞെടുത്ത്, ചുമതലയേറ്റെടുത്തത്. മക്കളുമായി 78 ലധികം രാജ്യങ്ങൾ സന്ദർശിച്ചു. പഠനത്തിന് പുറമെ ബേക്കിങ്, കുതിരയോട്ടം ഉൾപ്പടെ മറ്റ് ആക്റ്റിവിറ്റികളും പഠിപ്പിച്ചാണ് മക്കളെ വളർത്തിയത്. ഇന്ന് ഉന്നത നേട്ടം സ്വന്തമാക്കിയിരിക്കുന്നു എല്ലാവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!