കേരളത്തിൽ നിന്നും ഗ്രീസിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്‍റ്; ദില്ലിയിൽ ചര്‍ച്ച നടത്തി നോര്‍ക്ക പ്രതിനിധികള്‍

By Web Team  |  First Published Nov 27, 2024, 5:11 PM IST

ഇതു സംബന്ധിച്ച് ഗ്രീക്ക് അധികൃതരുമായി നോര്‍ക്ക പ്രതിനിധികള്‍ ചര്‍ച്ച നടത്തി. 


തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുളള പ്രതിനിധിസംഘം ഗ്രീക്ക് അധികൃതരുമായി ദില്ലിയിൽ പ്രാരംഭ ചര്‍ച്ച നടത്തി.  

ഗ്രീസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് സംഘടനയായ ഹെല്ലനിക് ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് എക്കോണമി (HICCE) പ്രതിനിധികളുമായായിരുന്നു ചര്‍ച്ച. HICCE പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ആഞ്ചലോസ് സാവ്ദാരിസ്, പ്രത്യേക ഉപദേഷ്ടാവ് ജോർജിയ കോറകാക്കി, ജനറൽ സെക്രട്ടറി ഡിമിറ്റ്രിയോസ് മെലാസ്, ഉപദേഷ്ടാവ് അപ്പോസ്റ്റോലോഗ്ലോ  എന്നിവര്‍ സംബന്ധിച്ചു. 

Latest Videos

ഹോസ്പിറ്റാലിറ്റി, കണ്‍ട്രക്ഷന്‍, കാര്‍ഷിക മേഖലകളിലെയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.  ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ സുഷമാഭായ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!