കുവൈത്തില്‍ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടി ദിനാറിന്‍റെ മയക്കുമരുന്ന്

By Web Team  |  First Published Feb 3, 2023, 10:13 PM IST

നിലവില്‍ അറസ്റ്റിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലുള്‍പ്പെടുന്നവരാണ് എന്നാണ് സൂചന. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിയുടെ മേല്‍നോട്ടത്തിലാണ് ലഹരി സംഭരണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. 


കുവൈത്ത് സിറ്റി: വമ്പൻ മയക്കുമരുന്നുവേട്ടയിൽ ഒന്നര കോടി ദിനാറിന്‍റെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. രാജ്യത്ത് ഇത്രയും വലിയ തുകയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്നത് അപൂര്‍വമാണ്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഒന്നര കോടി ടാബ്‍ലെറ്റുകളും 50 കിലോ മയക്കുമരുന്ന് അസംസ്കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തിട്ടുള്ളത്. 

നിലവില്‍ അറസ്റ്റിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലുള്‍പ്പെടുന്നവരാണ് എന്നാണ് സൂചന. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിയുടെ മേല്‍നോട്ടത്തിലാണ് ലഹരി സംഭരണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. 

Latest Videos

ടാബ്‍ലെറ്റുകള്‍ക്ക് പുറമെ ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത് അടക്കുമള്ള ലഹരി വസ്തുക്കളും മയക്കുമരുന്ന് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റുമാണ് പിടിച്ചെടുത്തിരിക്കുന്നത്. 

അറസ്റ്റ് ചെയ്തവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയാല്‍ മാത്രമാണ് ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടൂ. ഇവരെ ഇപ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. 

മയക്കുമരുന്ന്- ലഹരിവസ്തുക്കളുടെ വില്‍പനയും കടത്തും തടയാൻ കുവൈത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായാണ് റെയ്ഡ് നടന്നത്. പുറത്തുനിന്നും ലഹരിവസ്തുക്കള്‍ എത്തുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി, ഇവയെല്ലാം തടഞ്ഞുവയ്ക്കുന്നതിനും ശ്രമങ്ങള്‍ നടന്നുവരികയാണ്. 

മൂന്ന് മാസം മുമ്പ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കഞ്ചാവ്, നിരോധിത ഗുളികകള്‍, ഹാഷിഷ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവയെല്ലാം പക്ഷേ വ്യത്യസ്തരായ സംഘങ്ങളില്‍ നിന്നായിരുന്നു പിടിച്ചെടുത്തിരുന്നത്. പല രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലെത്തിയവരായിരുന്നു ഇവര്‍. ഇക്കൂട്ടത്തില്‍ ദില്ലി സ്വദേശിയും ഉള്‍പ്പെട്ടിരുന്നു. ഒരു സ്ത്രീയും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. 

മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെയും കടത്തുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും രാജ്യം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണെന്നും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ ഖാലിദ് വ്യക്തമാക്കി. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

Also Read:- ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചു; കമ്പനിക്കെതിരെ നടപടി

click me!