പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറി വീടുകളിലെത്തിച്ചു; കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന

By Web Team  |  First Published Oct 7, 2022, 9:06 PM IST

കാര്‍ഗോ കമ്പനി ഒരു ആംബുലന്‍സിലാണ് രണ്ട് മൃതദേഹങ്ങളും വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ അടങ്ങിയ സ്റ്റിക്കര്‍ പെട്ടികള്‍ക്ക് മുകളില്‍ പതിക്കാറുണ്ട്. ഈ സ്റ്റിക്കറുകളാണ് മാറിപ്പോയത്.


റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്‍തു. മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന.

കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്. കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്‍തു.

Latest Videos

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ രണ്ടര മാസം മുമ്പാണ് മലയാളിയായ ഷാജി രാജന്‍ മരിച്ചത്. അല്‍ ഖോബാറിലെ ദോസരി ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 25ന് ആയിരുന്നു മുഹമ്മദ് ജാവേദിന്റെ മരണം. രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഒരേ ദിവസമാണ് പൂര്‍ത്തിയായത്. അൽഅഹ്‍സയിലെ സാസ്‍കാരിക സംഘടനയായ നവോദയ പ്രവർത്തകരാണ് ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിലായിരുന്നു ജാവേദിന്റെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചത്. 

സെപ്റ്റംബർ 29ന് രാത്രി 10.30ന് കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ശ്രീലങ്കൻ എയർവേയ്സ് വിമാനത്തില്‍ ഷാജി രാജന്റെ മൃതദേഹവും രാത്രി 9.20ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ജാവേദിന്റെ മൃതദേഹവും അയക്കാനായിരുന്നു തീരുമാനം. കാര്‍ഗോ കമ്പനി ഒരു ആംബുലന്‍സിലാണ് രണ്ട് മൃതദേഹങ്ങളും വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ അടങ്ങിയ സ്റ്റിക്കര്‍ പെട്ടികള്‍ക്ക് മുകളില്‍ പതിക്കാറുണ്ട്. ഈ സ്റ്റിക്കറുകളാണ് മാറിപ്പോയത്.

സ്റ്റിക്കര്‍ നോക്കിയാണ് മൃതദേഹങ്ങള്‍ വിമാനങ്ങളില്‍ കയറ്റുന്നത്. ഷാജിയുടെ മൃതദേഹം ഡൽഹി വിമാനത്തിലും ജാവേദിന്റേത് തിരുവനന്തപുരത്തും എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. പെട്ടികള്‍ക്ക് മുകളില്‍ പേരുകള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. വരാണസി സ്വദേശി ജാവേദിന്റെ മൃതദേഹം ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങിയ ബന്ധുക്കള്‍ ദില്ലിയില്‍ നിന്ന് വരാണസിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ പെട്ടിയ്ക്ക് മുകളിലെ പേര് ശ്രദ്ധയില്‍പെട്ടപ്പോള്‍ സംശയം തോന്നി സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെട്ടു.

നാസ് വക്കം ഉടന്‍ തന്നെ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വരാണസി കളക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഏര്‍പ്പാടാക്കി. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കായംകുളത്ത് എത്തിയ ജാവേദിന്റഎ മൃതദേഹം ഇതിനോടകം തന്നെ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു. രണ്ടര മാസം പഴക്കമുള്ള മൃതദേഹം ആയതിനാൽ പെട്ടി തുറന്ന്​ ആരേയും കാണിക്കാതെ ദഹിപ്പിക്കാന്‍ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഷാജിയുടെ മക്കളുടെ നിർബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. അച്ഛന്റെ മൃതദേഹമല്ലെന്ന് ഷാജിയുടെ മകള്‍ പറഞ്ഞെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല.

സംസ്‍കരിച്ചതിന് ശേഷം മൃതദേഹം മാറിപ്പോയെന്ന് അറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. തുടർന്ന് കാർഗോ കമ്പനി ഒരു ലക്ഷം രൂപ ചെലവിൽ ആംബുലൻസിൽ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു. മൂന്നു ദിവസം മുമ്പ് യു.പിയിൽ നിന്ന്​ പുറപ്പെട്ട ആംബുലൻസ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്​ വീട്ടിലെത്തിയത്.

അതേസമയം ജാവേദിന്റെ മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞതിനാല്‍ വാരണാസിയിലെ അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. യു.പിയിലെ സാമൂഹിക പ്രവർത്തകരും കളക്ടർ ഉൾപ്പടെയുള്ള അധികാരികളും ജാവേദിന്റെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മാറിപ്പോയ ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ട സൗദി വിദേശകാര്യ മന്ത്രാലയം ദമ്മാമിലുള്ള കാർഗോ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. കഴിഞ്ഞ ദിവസം അധികൃതര്‍ കാർഗോ കമ്പനി ഓഫീസിലെത്തി പരിശോധന നടത്തി.

Read also: ഇങ്ങനെയൊന്നും ഓവര്‍ടേക്ക് ചെയ്യരുത്; അപകട വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

click me!