സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

By Web Team  |  First Published Mar 16, 2023, 3:52 PM IST

അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവർ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു


റിയാദ്: സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവെ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ സൗദി അറേബ്യയിലെ അൽഖർജിന് സമീപം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസയുടെ (34) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ 7.15ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പുത്തൻവീട് സിദീഖിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

ഭർത്താവ് ഹംസയും മകൻ മുഹമ്മദ് റൈഹാനും മൃതദേഹത്തോടൊപ്പം നാട്ടിലെത്തി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. മരിച്ച ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ റിഷ്വാന ഷെറിൻ, മകൻ ഹെമിൽ റഹ്‌മാൻ എന്നിവർക്കുമാണ് പരിക്കേറ്റിരുന്നത്. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

Latest Videos

റിയാദിൽനിന്ന് 70 കിലോമീറ്ററകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്ത് നിന്നാണ് ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഖൈറുന്നിസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമദലി - സീനത്ത് ദമ്പതികളുടെ മകളാണ്. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്. 

സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും. വിസ പുതുക്കണമെങ്കിൽ രാജ്യത്ത് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവർ ദമ്മാം കോസ്‍വേ വഴി ബഹ്റൈനിൽ പോയി മടങ്ങിയത്. അപകടത്തെ തുടർന്ന് കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിൽ അയക്കാനും അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ട്രഷറർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. 

Read also: ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി

click me!