രണ്ട് കോടി ഔൺസ് വരെ, വൻ സ്വര്‍ണശേഖരം കണ്ടെത്തി; വെളിപ്പെടുത്തൽ, വാനോളം പ്രതീക്ഷ സൗദിയിലെ തൊഴിലവസരങ്ങളിൽ

By Web Team  |  First Published Jul 18, 2024, 7:00 PM IST

രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ സ്തംഭമായി ധാതുവിഭവ, ഖനന മേഖലയെ പരിവര്‍ത്തിപ്പിക്കാനാണ് മആദിന്‍ കമ്പനി ആഗ്രഹിക്കുന്നത്.


റിയാദ്:  സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി വെളിപ്പെടുത്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി സിഇഒ ബോബ് വില്‍റ്റ്. ഒരു കോടി ഔൺസ് മുതല്‍ രണ്ടു കോടി ഔണ്‍സ് വരെ സ്വര്‍ണം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. സ്വര്‍ണ ഉല്‍പ്പാദന മേഖലയില്‍ രാജ്യത്ത് വരാനിരിക്കുന്നത് വലിയ അവസരങ്ങളാണെന്നും ഇക്കാര്യത്തിന്‍ മആദിന്‍ കമ്പനിക്ക് വലിയ പ്രവര്‍ത്തന അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ധാതുപര്യവേഷണ പദ്ധതി കമ്പനി ഇപ്പോള്‍ തുടങ്ങുകയാണ്. ഇക്കാര്യത്തില്‍ ഇതിനകം തന്നെ വിജയം കൈവരിച്ചിട്ടുമുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്വര്‍ണശേഖരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ശക്തവും ചലനാത്മകവുമായ ഖനന മേഖലയില്‍ പ്രകൃതി വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഈ പദ്ധതികള്‍ 50,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Videos

രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ സ്തംഭമായി ധാതുവിഭവ, ഖനന മേഖലയെ പരിവര്‍ത്തിപ്പിക്കാനാണ് മആദിന്‍ കമ്പനി ആഗ്രഹിക്കുന്നത്. ഫോസ്‌ഫേറ്റ് ഉള്‍പ്പെടെ  രണ്ടു ട്രില്യൻ ഡോളറിന്റെ ധാതുവിഭവ സൗദിയിലുണ്ടെന്നാണ് നിലവില്‍ കണക്കാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് രാസവള, ബോക്‌സൈറ്റ് നിര്‍മാണ, കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ബോക്‌സൈറ്റ് ആണ് അലൂമിനിയമാക്കി മാറ്റുന്നത്. ബോക്‌സൈറ്റിന് ഒരു സമ്പൂര്‍ണ മൂല്യശൃംഖലയുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ടിന്നുകള്‍ നിര്‍മിക്കുന്നവര്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും ഇതിലൂടെ സേവനം ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കി.

Read Also - ടേക്ക് ഓഫിനിടെ വിമാനത്തില്‍ തീ; ഉടനടി 186 യാത്രക്കാർ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക്, എല്ലാവരും സുരക്ഷിതർ

ഖനന നിയമം പുഃനപരിശോധിച്ച് നിയമാവലികളും നിയന്ത്രണങ്ങളും സൗദി ലഘൂകരിച്ചിട്ടുമുണ്ട്. 2002ല്‍ ഫോസ്ഫേറ്റ് പദ്ധതി മആദിന്‍ കമ്പനി ആരംഭിച്ചപ്പോള്‍ ഫോസ്ഫേറ്റ് വളങ്ങള്‍ നിര്‍മ്മിക്കുന്ന വന്‍കിട അമേരിക്കന്‍ കമ്പനിയായ മൊസൈക്കുമായി മആദിന്‍ കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്കൊപ്പം അടുത്ത ദശകത്തില്‍ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കേണ്ടി വന്നേക്കാം. ഇതിനൊപ്പം യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി ഒട്ടേറെ പരിശീലന പദ്ധതികളും നടപ്പാക്കുമെന്നും ബോബ് വില്‍റ്റ് കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!