തൊഴിലാളികള്‍ക്ക് നേരെ 'നോട്ടുകെട്ടുകള്‍' വാരിയെറിഞ്ഞ് വീഡിയോ ചിത്രീകരണം; വ്യവസായിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

By Web Team  |  First Published Feb 28, 2021, 6:41 PM IST

32കാരനാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‍ഡില്‍ 7,40,000 ഡോളറിന്റെയും 4,67,000 യൂറോയുടെയും വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തു. 


ദുബൈ: തൊഴിലാളികള്‍ക്ക് നേരെ നോട്ടുകെട്ടുകള്‍ വരിയെറിയുന്ന വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിലായ വ്യവസായിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. 50,000 യൂറോയുടെ വ്യാജ കറന്‍സികളാണ് ഇയാള്‍ തന്റെ ആഡംബര കാറില്‍ നിന്ന് വാരിയെറിഞ്ഞതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു ഇന്ത്യക്കാരന്റെ സഹായത്തോടെയാണ് ഈ വ്യാജ നോട്ടുകള്‍ നിര്‍മിച്ചത്. ഇയാള്‍ക്കും രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.

32കാരനായ ഉക്രൈന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‍ഡില്‍ 7,40,000 ഡോളറിന്റെയും 4,67,000 യൂറോയുടെയും വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തു. വ്യാജ ഡോളറുകള്‍ ഒരു ചൈനീസ് വെബ്‍സൈറ്റ് വഴി വാങ്ങിയതാണെന്നും വ്യാജ യൂറോ ദുബൈയിലെ ഒരു കോപ്പി പ്രിന്റ് ഷോപ്പില്‍ നിന്ന് തയ്യാറാക്കിയതാണെന്നും ഇയാള്‍ സമ്മതിച്ചു.  അല്‍ഖൂസില്‍ വെച്ച് കാറില്‍ നിന്ന് നോട്ടുകള്‍ വാരി വിതറുന്ന വീഡിയോ ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. 

Latest Videos

നോട്ടുകള്‍ ശേഖരിക്കാന്‍ തൊഴിലാളികള്‍ പിന്നാലെ ഓടിയതുവഴി സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങളും ഇയാള്‍ ലംഘിച്ചുവെന്ന് പൊലീസ് അറിയിച്ചു. വാരി വിതറിയ നോട്ടുകളെല്ലാം വ്യാജമായിരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവര്‍മാരെ കിട്ടാനായി ചെയ്‍തതാണെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  വീഡിയോ തൊഴിലാളികളെ അപമാനിക്കുന്നതിന് പുറമെ കാറിന് പിന്നാലെ ഓടിയ തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കിയതായും പൊലീസ് പറഞ്ഞു. 

ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് ദുബൈ പൊലീസ് വ്യവസായിയെ അറസ്റ്റ് ചെയ്‍തത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നാല് ലക്ഷത്തോളം ഫോളോവര്‍മാരുണ്ട്. അഡംബര ജീവിതം പ്രകടമാക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെല്ലാം. കെട്ടുകണക്കിന് ഡോളറുകളും യൂറോയും കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളുമുണ്ട്.

വ്യാജ ഡോളറുകള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്നും യൂറോകള്‍ 1000 ദിര്‍ഹം ചെലവഴിച്ച് ഒരു ഇന്ത്യക്കാരനെക്കൊണ്ട് പ്രിന്റ് ചെയ്യിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്‍തു. വ്യവസായിക്കെതിരെ കള്ളക്കടത്തിനും വ്യാജ നോട്ടുകള്‍ ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. 20 ലക്ഷത്തോളം യൂറോയുടെ വ്യാജ കറന്‍സി തയ്യാറാക്കിയതിന് ഇന്ത്യക്കാരനെതിരെയും കേസെടുത്തിരുന്നു. 

ഇരുവര്‍ക്കും രണ്ട് വര്‍ഷം ജയില്‍ ശിക്ഷക്ക് ഒപ്പം രണ്ട് ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തും. വ്യാജ കറന്‍സികള്‍ മുഴുവന്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.

click me!