ടിക്കറ്റ് നമ്പ‍ർ 197281, സുഹൃത്ത് പറഞ്ഞപ്പോഴും ഉറപ്പിച്ചില്ല; ഇത് അവിശ്വസനീയം, മലയാളിക്ക് 46 കോടിയുടെ സമ്മാനം

കയ്യിലെത്തുന്ന കോടികളുടെ സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് ഇപ്പോഴും ഇദ്ദേഹം തീരുമാനിച്ചില്ല. 

malayali wins around 46 crore rupees in big tickets latest draw

അബുദാബി: ഒരൊറ്റ രാത്രി കൊണ്ടാണ് പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന്‍റെ ജീവിതം മാറിമറിഞ്ഞത്. ഭാഗ്യം ജീവിതത്തില്‍ ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും പ്രിന്‍സ് വിചാരിച്ചിരുന്നില്ല. ഇത്ര വലിയ തുക ജീവിതത്തില്‍ സമ്മാനമായി ലഭിച്ചെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനായിട്ടില്ല. ഇത്തവണ അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് പ്രിന്‍സിനെയാണ്. ഒന്നും രണ്ടുമല്ല, 20 മില്യന്‍ ദിര്‍ഹം (46 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് പ്രിന്‍സിന് ലഭിച്ചത്.

എട്ട് വര്‍ഷമായി യുഎഇയിൽ താമസിക്കുന്ന പ്രിന്‍സ്, സ്മൈലിങ് ഫെസിലിറ്റീസ് എഞ്ചിനീയറാണ്. ഷാർജയിൽ ഭാര്യക്കൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്. 2015ലാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ താനാണ് വിജയിയെന്ന് അറിഞ്ഞപ്പോള്‍ പ്രിന്‍സിന് വിശ്വസിക്കാനായില്ല. 197281 എന്ന ടിക്കറ്റ് നമ്പരാണ് പ്രിന്‍സിന് ഭാഗ്യം കൊണ്ടുവന്നത്. ഒക്ടോബര്‍ നാലിനാണ് ഈ ടിക്കറ്റ് വാങ്ങിയത്. തന്‍റെ ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് പ്രിന്‍സ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക പത്ത് പേരും പങ്കിട്ടെടുക്കും. ഓരോരുത്തരും 100 ദിര്‍ഹം വീതം ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ ടിക്കറ്റ് വാങ്ങാറുണ്ടെന്നും ഇത്തവണത്തെ സമ്മാനത്തുക 2 മില്യന്‍ ദിര്‍ഹം വീതം ഓരോരുത്തരും പങ്കിട്ടടെടുക്കുമെന്നും പ്രിന്‍സ് പറഞ്ഞു. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് സംഘം ഇക്കുറി വാങ്ങിയത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചു.

Latest Videos

ഇപ്പോഴും ഈ വലിയ വിജയം ഉള്‍ക്കൊള്ളാനാകുന്നില്ല പ്രിന്‍സിന്. പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇപ്പോളും ഈ സമ്മാനവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും പ്രിന്‍സ് പ്രതികരിച്ചു. ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന് മാറ്റിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിക്കുന്നതിന് മുമ്പ് നറുക്കെടുപ്പ് കണ്ട ഒരു സുഹൃത്ത് തന്നോട് ഈ വിവരം പറഞ്ഞെങ്കിലും ആദ്യം അത് വിശ്വസിച്ചില്ലെന്ന് പ്രിന്‍സ് പറഞ്ഞു. തന്നെ പറ്റിക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നെ മറ്റൊരു സഹപ്രവര്‍ത്തകന്‍ കൂടി വിളിച്ചതോടെ ചെറിയ രീതിയില്‍ വിശ്വാസം വന്ന് തുടങ്ങിയെന്നും പിന്നീട് ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചപ്പോഴാണ് സമ്മാനവിവരം സ്ഥിരീകരിച്ചതെന്ന് പ്രിന്‍സ് പറയുന്നു. 

Read Also -  യുഎഇയിൽ തൊഴിലവസരം, 310 ഒഴിവുകൾ; സൗജന്യ വിസ, താമസസൗകര്യം, ഇൻഷുറൻസ്! വാക്-ഇൻ-ഇന്‍റർവ്യൂ ഉടൻ

നാട്ടില്‍ വീട് പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ കുറച്ച് സാമ്പത്തിക ഞെരുക്കത്തിലാണ് പ്രിന്‍സ്. കൃത്യസമയത്താണ് സമ്മാനം ലഭിച്ചത്. 'സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മക്കളെ നാട്ടിലേക്ക് അയച്ചിരുന്നു. ആദ്യം ചെയ്യാന്‍ പോകുന്നത് തന്‍റെ രണ്ട് ആണ്‍മക്കളെയും തിരികെ യുഎഇയിലെത്തിക്കും, ഇവിടെ പഠിക്കാനുള്ള സൗകര്യമൊരുക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തോട് പറഞ്ഞപ്പോള്‍ അവര്‍ക്കും വിശ്വസിക്കാനായില്ലെന്ന് പ്രിന്‍സ് പറഞ്ഞു. 

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image