ഇഖാമ പുതുക്കാൻ പോയപ്പോൾ ഞെട്ടി; മലയാളി പെട്ടത് കെണിയിൽ, സ്പോൺസർ അറിയാതെ ഇടനിലക്കാരൻ 'ഹുറൂബാക്കി'

By Web Team  |  First Published Sep 10, 2024, 4:49 PM IST

ദുരിതത്തിലായ നിലമ്പൂർ സ്വദേശിക്ക് സാമൂഹികപ്രവർത്തകർ തുണയായി


റിയാദ്: പുതിയ വിസ ഇഷ്യൂ ചെയ്യാനെന്ന് പറഞ്ഞ് സ്പോൺസറിൽനിന്ന് ‘അബ്ഷിർ’ പാസ്വേർഡ് കൈക്കലാക്കി വക്കീൽ സുഡാനി പൗരൻ, മലയാളിയെ നിയമപരമായ കെണിയിൽപ്പെടുത്തി. സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് അബ്ഷിർ വഴി ജവാസത്തിൽ പരാതിപ്പെട്ട് നിലമ്പൂർ സ്വദേശി ഉമറിനെ ‘ഹുറൂബാ’ക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ ഉമർ ഇഖാമ പുതുക്കാൻ സ്പോൺസറെ സമീപിച്ചപ്പോഴാണ് താൻ ‘ഹുറൂബ്’ കെണിയിലാണെന്നും ഒരു വർഷം കഴിഞ്ഞന്നും അറിഞ്ഞത്.

ഹുറൂബ് എന്നാൽ സ്പോൺസറുടെ കീഴിൽനിന്ന് ഓടിപ്പോയെന്നാണ് അർഥം. ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജവാസത്തിൽ (സൗദി പാസ്പോർട്ട് വകുപ്പ്) രേഖപ്പെടുത്തുന്നതോടെ നിയമലംഘകനാകും. പിന്നീട് ഇഖാമ പുതുക്കാനോ രാജ്യത്ത് നിയമാനുസൃതം തുടരാനോ ജോലി ചെയ്യാനോ കഴിയാതെ വരും. നിശ്ചിത ശിക്ഷാനടപടികൾ നേരിട്ട് നാടുകടത്തൽ കേന്ദ്രം വഴി മാത്രമേ സ്വദേശത്തേക്ക് മടങ്ങാൻ കഴിയൂ എന്ന് മാത്രമല്ല പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ചുവരാനും കഴിയാതെ അജീവാനന്ത വിലക്കിലുമാവും.

Latest Videos

undefined

ഇത്രയും കടുത്ത നിയമകുരുക്കിൽ താനകപ്പെട്ട വിവരം ഉമർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഭാരവാഹികളായ സലീം മൂത്തേടം, റശീദ് തങ്കശ്ശേരി തുടങ്ങിയർ മുഖേന അറിഞ്ഞ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ സൈനുദ്ദീൻ അമാനി ഉമറിെൻറ സ്പോൺസറെ സമീപിച്ച് പല തവണ ചർച്ച നടത്തുകയും പ്രശ്നപരിഹാരം തേടുകയും ചെയ്തു. താനല്ല ഉമറിനെ കെണിയിൽ കുടുക്കിയതെന്ന് സ്പോൺസർ പറഞ്ഞു. തുടർന്ന് അദ്ദേഹം ലേബർ ഓഫീസിൽ ഉമറിനെയും കൂട്ടി പോയെങ്കിലും ഹുറൂബ് നീക്കാൻ അതിന് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനാൽ നിയമപരമായി സാധിക്കില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് സൈനുദ്ദീൻ അമാനി തൊഴിൽ തർക്ക പരാഹാര കോടതിയെയും തർഹീലിനെയും (നാടുകടത്തൽ കേന്ദ്രം) സമീപിച്ച് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ലഭ്യമാക്കി.

Read Also - രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

ഒടുവിൽ താനും സ്പോൺസറും അറിയാതെ അകപ്പെട്ട നിയമകുരുക്കിൽനിന്ന് രക്ഷപ്പെട്ട് ഞായറാഴ്ച ഫ്ലൈ ദുബൈ വിമാനത്തിൽ കോഴിക്കോട്ടേക്ക് മടങ്ങി. ഉമറിന് സൈനുദ്ദീൻ അമാനി യാത്രാരേഖകൾ കൈമാറി. അബ്ദുറഹ്മാൻ ക്ലാരി പുത്തൂർ, ഇസ്മാഈൽ മൈനാഗപ്പള്ളി, നിസാർ കരുനാഗപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇത്തരം ചതികളിൽ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ ഇഖാമ ഇടയ്ക്കിടെ പരിശോധിക്കണമെന്നും ‘ഹുറൂബ്’ ആയാൽ 60 ദിവസത്തിനുള്ളിൽ നിലവിലെ സ്പോൺസറുടെ സമ്മതം കൂടാതെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് നിയമപരമായി മാറാവുന്നതാണെന്നും സൈനുദ്ദീൻ അമാനി പറഞ്ഞു.

https://www.youtube.com/watch?v=QJ9td48fqXQ

click me!