ആദ്യ മലയാളി ഹജ്ജ് സംഘത്തെ വരവേറ്റ് മലയാളി സംഘടനകൾ

By Web Team  |  First Published May 22, 2024, 5:25 PM IST

ആദ്യ ഹജ്ജ് സംഘത്തിന് മക്ക അസീസിയിൽ തനിമ സാംസ്കാരിക വേദി ഒരുക്കിയ സ്വീകരണത്തിൽ വളണ്ടിയർമാർ സമ്മാനങ്ങളുമായി സജീവമായി സേവന രംഗത്തുണ്ടായിരുന്നു.


റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘത്തിന് വിവിധ സംഘടനകൾ മക്കയിൽ സ്വീകരണം നൽകി. മക്ക കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർ പഴങ്ങൾ അടങ്ങിയ ക്വിറ്റ് നൽകിയും സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ മറ്റു സമ്മാനങ്ങൾ നൽകിയുമാണ് ഹാജിമാരെ വരവേറ്റത്. 

യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് പ്രഭാത ഭക്ഷണം കെ.എം.സി.സി വളണ്ടിയർമാർ വിതരണം ചെയ്തിരുന്നു. സ്വീകരണത്തിന് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുത്തിമോൻ കാക്കിയ, നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുർ, ദേശീയ ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഇസ്സുദിൻ ആലുങ്ങൽ, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി. ആദ്യ ഹജ്ജ് സംഘത്തിന് മക്ക അസീസിയിൽ തനിമ സാംസ്കാരിക വേദി ഒരുക്കിയ സ്വീകരണത്തിൽ വളണ്ടിയർമാർ സമ്മാനങ്ങളുമായി സജീവമായി സേവന രംഗത്തുണ്ടായിരുന്നു. താമസസ്ഥലം കണ്ടെത്താനും, ലഗേജുകൾ റൂമുകളിൽ എത്തിച്ചുകൊടുക്കുവാനും, വൃദ്ധരായ ഹാജിമാരെ ബസ്സിൽ നിന്നും ബിൽഡിങ്ങുകളിലേക്ക് എത്തിക്കാനും തനിമ വളണ്ടിയർമാർ സഹായത്തിനുണ്ടായിരുന്നു. 

Latest Videos

നാട്ടിൽ നിന്നെത്തിയ ഹാജിമാർക്ക് വനിതകളും കുട്ടികളുമടങ്ങിയ വളണ്ടിയർമാരുടെ പരിചരണം ഏറെ ആശ്വാസമായി. അവസാന ഹാജി മക്ക വിടുന്നത് വരെ വിവിധ മേഖലകളിൽ സേവനങ്ങളുമായി തനിമ വളണ്ടിയർമാർ രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകൾ രൂപികരിച്ചു ഓരോ മേഖലയിലും കഴിവുള്ള പ്രത്യേകം വളണ്ടിയർമാരെ ചുമതലപ്പെടുത്തി, അവർക്ക് കിഴിൽ ടീമുകളായാണ് പ്രവർത്തനം. ഹാജിമാർക്ക് ഭക്ഷണ വിതരണം തുടങ്ങി വരുംദിവസങ്ങളിൽ കൂടുതൽ സജീവമായ പ്രവർത്തങ്ങൾ നടത്താൻ തനിമ വളണ്ടിയർമാർ സജ്ജമാണെന്നും ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ ഹക്കീം ആലപ്പുഴ, സഫീർ അലി, മനാഫ് കുറ്റ്യാടി, ടി.കെ ശമീൽ, അഫ്സൽ കള്ളിയത്, റഷീദ് സഖാഫ്, ഷാനിബ നജാത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. 

Read Also -  യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർമാരുടെ സ്വീകരണത്തിന് ഹജ്ജ് വളണ്ടിയർ കോർ ചെയർമാൻ ഹനീഫ അമാനി, കോർഡിനേറ്റർ ജമാൽ കക്കാട്, ക്യാപ്റ്റൻ അനസ് മുബാറക്, ചീഫ് അഡ്മിൻ ശിഹാബ് കുറുകത്താണി, അൻസാർ താനളൂർ, അലി കോട്ടക്കൽ, റഷീദ് വേങ്ങര എന്നിവർ നേതൃത്വം നൽകി. നവോദയ കമ്മിറ്റിക്ക് വേണ്ടി ക്യാപ്റ്റൻ നെയ്സൽ കനി, വൈസ് ക്യാപ്റ്റൻ സനീഷ് പത്തനംത്തിട്ട, കൺവീനർമാരായ മുഹമ്മദ് മേലാറ്റൂർ, ഷിഹാബ് എണ്ണപ്പാടം, ട്രഷറർ ബഷീർ നിലമ്പൂർ എന്നിവർ തീർത്ഥാടകരെ വരവേറ്റു. വിഖായ, ഒ.ഐ.സി.സി തുടങ്ങിയ സംഘനകളും ഹാജിമാരെ സ്വീകരിക്കാൻ രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!