5 വർഷമായി ടിക്കറ്റ് വാങ്ങുന്നു, കോൾ വന്നത് ഡ്യൂട്ടിക്കിടെ, കണ്ണു നിറഞ്ഞു; പ്രയാസങ്ങൾക്കിടെ ആശ്വാസമായി 70 കോടി

By Web Desk  |  First Published Jan 5, 2025, 12:33 PM IST

മനുവിന്‍റെയും സുഹൃത്തുക്കളുടെയും ജീവിതം ഒറ്റ രാത്രിയിലാണ് മാറിയത്. അഞ്ച് വര്‍ഷമായി ടിക്കറ്റ് എടുക്കുന്ന ഇവര്‍ പല സാമ്പത്തിക പ്രയാസങ്ങളിലൂടെയും കടന്നു പോകുന്ന സമയത്താണ് ഭാഗ്യമെത്തിയത്. 


അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് മലയാളികളുടെ ഭാഗ്യ നറുക്കെടുപ്പാണ്. യുഎഇയിലെ ഈ ജനപ്രിയ നറുക്കെടുപ്പിലൂടെ നിരവധി മലയാളികളുടെ ജീവിതമാണ് ഒരു രാത്രിയില്‍ മാറി മറിഞ്ഞത്. അക്കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ് മനു മോഹനന്‍റെ പേരും. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ വമ്പന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് മനു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മനുവിനെ തേടിയെത്തിയത് അപ്രതീക്ഷിത ഭാഗ്യമാണ്. 270-ാം സീരിസ് നറുക്കെടുപ്പിലാണ് മനു കോടികള്‍ നേടിയത്. ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്യുകയാണ് മനു. കഴിഞ്ഞ വ‍ർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തേടി ഗ്രാന്‍ഡ് പ്രൈസെത്തിയത്. 16 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് മനു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 

Latest Videos


ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് സമ്മാനവിവരം അറിയിക്കാന്‍ മനുവിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചിരുന്നു. കോള്‍ വന്നപ്പോള്‍ അത് സത്യമാണെന്ന് തനിക്ക് അറിയാമായിരുന്നെന്നനും നിരവധി തവണ ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് കണ്ടിട്ടുണ്ടെന്നും മനു ഖലീജ് ടൈംസിനോട് പറഞ്ഞു. ഒരു മരവിപ്പാണ് ആദ്യം തോന്നിയതെന്നും സത്യമാണെന്ന് മനസ്സിലാക്കാനാകുന്നില്ലെന്നുംമനു പറ‌ഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ ജീവിതത്തിലൂടെ പോകുന്നത് കൊണ്ട് ഈ സമ്മാനം വളരെ അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read Also - ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളി തൂക്കി; പ്രവാസിക്ക് കിട്ടിയത് 70 കോടിയുടെ ഗ്രാന്റ് പ്രൈസ്

ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ വരുമ്പോള്‍ മനു ഡ്യൂട്ടിയിലായിരുന്നു. ഉടന്‍ തന്നെ ടിക്കറ്റ് വാങ്ങിയ മറ്റ് 16 പേരെയും വീഡിയോ കോള്‍ ചെയ്ത് സന്തോഷം പങ്കുവെച്ചു. ചിലര്‍ക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. തങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കാനും വീട് വെക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് പലരും. ഈ സുഹൃത്തുക്കളെല്ലാം തനിക്ക് സഹോദരങ്ങളെ പോലെയാണെന്ന് മനു പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ തന്നെ പരസ്പരം എല്ലാവരുടെയും പ്രശ്നങ്ങള്‍ അടുത്തറിയാം. തങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് മാറിയിട്ടും ഇപ്പോഴും ബിഗ് ടിക്കറ്റ് വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. പിന്നീട് മനു ഭാര്യയെയും അമ്മയെയും വിളിച്ച് സന്തോഷം പങ്കുവെച്ചു. 

ഭാര്യ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ നാല് മാസം മുമ്പാണ് മനുവിന്‍റെ അമ്മ ബഹ്റൈനിലെത്തിയത്. മനുവിന്‍റെ ഭാര്യയും ബഹ്റൈനില്‍ നഴ്സാണ്. കുഞ്ഞ് കൂടി ജനിച്ചതോടെ സാമ്പത്തിക പ്രായസങ്ങള്‍ക്കിടെ നാല് പേര്‍ക്കുമുള്ള വിമാന ടിക്കറ്റ് എങ്ങനെ എടുക്കുമെന്നും നാട്ടിലെ ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും പോലും ചിന്തിച്ചിരുന്നു. അഞ്ച് വര്‍ഷമായി മനുവും സുഹൃത്തുക്കളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷം ചില ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിക്കറ്റ് വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഒരു സുഹൃത്ത് പറഞ്ഞത് കൊണ്ട് 5 മാസം മുമ്പ് വീണ്ടും ടിക്കറ്റ് വാങ്ങി തുടങ്ങുകയായിരുന്നു മനു. തന്‍റെ അമ്മ സിംഗില്‍ മദര്‍ ആണെന്നും വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളര്‍ത്തിയതെന്നും മനു പറഞ്ഞു. അത് കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് ആദ്യം അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണമെന്നാണ് മനു ആഗ്രഹിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!