സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് അപകടം സംഭവിച്ചത്.
റിയാദ്: മലയാളി യുവാവ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡിന്റെ അരികിൽ വാഹനം നിർത്തി അതിന്റെ തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ് അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്.
ജുബൈലിലെ ഒരു ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൈത്തായിൽപാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ് - ഫാത്തിമ. ഭാര്യ - ജുവൈരിയത്തുൽ ഹുസ്ന, മക്കൾ - ഫാത്തിമ റൻസ, മുഹമ്മദ് റസാൻ. സഹോദരങ്ങൾ - മുഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുസ്സലാം, മൈമൂന, റംല, നുസ്റത്ത്. മൃതദേഹം ജുബൈലിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ.സി.എഫ് പ്രവർത്തകരായ ഉമർ സഖാഫി, ഷഫീഖ് വിളയിൽ, റഫീഖ് മരഞ്ചാട്ടി എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം