ഫ്ലാറ്റിനുള്ളില്‍ ജീനയെ കണ്ടെത്തിയത് കുത്തേറ്റ നിലയില്‍; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ തന്നെയെന്ന് പൊലീസ്

By Web Team  |  First Published May 4, 2023, 11:56 PM IST

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനായ സൈജുവിനെ സാല്‍മിയയില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് താഴെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസികള്‍. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെ സാല്‍മിയയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്‍തതാണെന്ന് കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനായ സൈജുവിനെ സാല്‍മിയയില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് താഴെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് ചാടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെ സൈജു താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവില്‍ വാതില്‍ പൊളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. വീടിനുള്ളില്‍ ജീനയെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 

Latest Videos

കുവൈത്തിലെ സ്വകാര്യ സ്‍കൂളില്‍ ഐ.ടി വിഭാഗം ജീവനക്കാരിയായിരുന്ന ജീനയും സൈജുവും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. രണ്ട് പേര്‍ക്കും ആദ്യ വിവാഹത്തില്‍ ഓരോ മക്കളുണ്ട്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം ഭാര്യയെ കൊന്ന ശേഷം സൈജുവിന്റെ ആത്മഹത്യയിലേക്ക് എത്തിയെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also:  മലയാളി ഭർത്താവ് കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, ഭാര്യ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ

click me!