ഇരട്ട സ്വര്‍ണ നേട്ടത്തിൽ മലയാളി പെൺകുട്ടി; സൗദി ജൂനിയർ അണ്ടർ 19 ബാഡ്മിൻറൺ കിങ്ഡം ടൂര്‍ണമെന്‍റിൽ താരമായി ഖദീജ

By Web Team  |  First Published Aug 18, 2024, 11:55 AM IST

സൗദി ദേശീയ ഗെയിംസിൽ രണ്ട് തവണ സ്വർണം നേടിയ ഖദീജ നിസ സൗദി അറേബ്യക്കായി കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പടെ 10 മെഡലുകൾ നേടിയിരുന്നു.


റിയാദ്: ബാഡ്മിൻറണ്‍ കരുത്ത് തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിലും തുടർച്ചയായ സ്വര്‍ണം നേട്ടത്തിന് പിന്നാലെ സൗദി ജൂനിയർ അണ്ടര്‍ 19 ബാഡ്മിൻറണ്‍ കിങ്ഡം ടൂര്‍ണമെൻറിലും ഇരട്ട സ്വർണം നേടി ഈ കോഴിക്കോട് കൊടുവള്ളി സ്വദേശിനി. സിംഗ്ൾസിലും ഡബിൾസിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി ബാഡ്മിൻറണിലെ ആധിപത്യം തുടരുകയാണ് ഈ മിടുക്കി. സൗദി അറേബ്യയിലെ 30 ക്ലബുകള്‍ മാറ്റുരച്ച ടൂർണമെൻറിലാണ് ഈ നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്കുള്ള യോഗ്യതയും നേടി.

റിയാദ് ഗ്രീൻ സ്‌റ്റേഡയത്തില്‍ ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂര്‍ണമെൻറിലാണ് സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ ഖദീജ വിജയ കിരീടം ചൂടിയത്. സൗദിയിലെ പ്രമുഖ ക്ലബ്ബുകളായ ഇത്തിഹാദും ഹിലാലും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. കാണികളെ ആവേശം കൊള്ളിച്ച പോരാട്ടത്തിനൊടുവിൽ ഇത്തിഹാദ് ക്ലബ്ബിന് വേണ്ടി കളിച്ച ഖദീജ നിസ എതിരാളിയെ നിലം പരിശാക്കി വിജയ കിരീടം ചൂടുകയായിരുന്നു.

Latest Videos

undefined

സൗദി ദേശീയ ഗെയിംസിൽ രണ്ട് തവണ സ്വർണം നേടിയ ഖദീജ നിസ സൗദി അറേബ്യക്കായി കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പടെ 10 മെഡലുകൾ നേടിയിരുന്നു. കൂടാെത മാസങ്ങൾക്ക് മുമ്പ് 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻ ഷിപ്പിൽ മൂന്ന് മെഡലുകൾ നേടി സൗദി അറേബ്യയുടെ പതാക ഉയർത്തിപ്പിടിച്ചു. കൗമാരക്കാരിയുടെ വിസ്മയകരമായ പ്രകടം ശ്രദ്ധയിൽപെട്ട ഇത്തിഹാദ് ക്ലബ്ബ് തങ്ങൾക്ക് വേണ്ടി കളിക്കാൻ ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു.

റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഐ.ടി എൻജിനീയര്‍ കൂടത്തിങ്ങല്‍അബ്ദുല്ലത്തീഫിന്‍റെയും ഷാനിത ലത്തീഫിന്‍റെയും മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽനിന്ന് പ്ലസ് ടൂ കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്‌മെൻറിൽ ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സൗദിയിൽ ജനിച്ചുവളർന്ന ഖദീജ നിസ സൗദിയുടെ മാറ്റങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി വിജയം കൊയ്ത കായിക താരമാണ്. സൗദിയുടെ കായിക മേഖലകളിലേക്ക് പെൺ സാന്നിധ്യം ഉണ്ടായിതുടങ്ങിയ ആദ്യ സമയങ്ങളിൽ തന്നെ തെൻറ സാന്നിധ്യമുറപ്പിക്കാൻ ഈ പെൺകുട്ടിക്കായി. ബാഡ്മിൻറണിൽ ലോകതലത്തിൽ നിരവധി നേട്ടങ്ങൾ തങ്ങൾക്ക് സമ്മാനിച്ച ഖദീജ നിസക്ക് സൗദി അധികൃതർ വലിയ പരിഗണനയാണ് നൽകുന്നത്.

 

click me!