ആ വലിയ നേട്ടത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ഗായത്രി.
ദോഹ: സംഗീതലോകത്തെ ഓസ്കറായ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് മലയാളി പെണ്‍കുട്ടി. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയായ തൃശൂര്‍ അടിയാട്ടില്‍ കരുണാകര മേനോന്‍റെയും ബിന്ദു കരുണാകരന്‍റെയും മകളായ ഗായത്രി കരുണാകര്‍ മേനോനാണ് ഗ്രാമി അവാര്‍ഡിന്‍റെ പടിവാതില്‍ക്കലെത്തിയത്.
വളരെയേറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം ഗായത്രിയുടെ നേട്ടത്തെ കാണുന്നത്. 2025 ലെ ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദി ഇയർ ബെസ്റ്റ് ഡാൻസ്/ ഇലക്ട്രോണിക് വിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ലോകപ്രശസ്ത സംഗീതജ്ഞൻ സൈദിന്റെ 'ടെലോസ്' ആൽബത്തിലൂടെയാണ് ഗായത്രി മേനോൻ അവാർഡിനായി കാത്തിരിക്കുന്നത്. രണ്ട് ഗാനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
undefined
പത്തോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ടെലോസിലെ ‘ഔട്ട് ഓഫ് ടൈം’ എന്ന ഗാനം ഗായത്രി ഉൾപ്പെടെ അഞ്ചുപേരാണ് എഴുതി ചിട്ടപ്പെടുത്തിയത്. ജർമൻ സംഗീതജ്ഞനായ സെദ്ദിനൊപ്പം, ബിയാട്രിസ് മില്ലർ, അവ ബ്രിഗ്നോൽ, ദക്ഷിണ കൊറിയക്കാരായ ജിയോ, ച്യായുങ് എന്നിവരാണ് ഗായത്രിക്കൊപ്പം വരികളെഴുതി സംഗീതം നൽകിയത്. ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ ഗാനം നാലു മാസത്തിനുള്ളിൽ വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് ഗ്രാമി അവാർഡ് പട്ടികയിലും ഇടം നേടിയത്.
പുരസ്കാര നിർണയത്തിലെ പ്രധാന ഘട്ടമായ ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ഡിസംബർ 12 ന് ആരംഭിച്ച് ജനുവരി മൂന്നുവരെ നീണ്ടുനിൽക്കും. സംഗീതജ്ഞർ, അക്കാദമി അംഗങ്ങൾ, നിർമാതാക്കൾ തുടങ്ങിയ ലോകത്തെ പ്രഗൽഭരായ കലാകാരന്മാർക്കാണ് ഫൈനൽ റൗണ്ട് വോട്ടെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക.
ദോഹയിലെ ബിർള പബ്ലിക് സ്കൂളിലാണ് ഗായത്രി പഠിച്ചത്. ദോഹയിലെ സംഗീത വേദികളിൽ സജീവമായ പിതാവ് കരുണാകരമേനോന്റെയും പിതൃ സഹോദരി സംഗീതജ്ഞ ശോഭബാലമുരളിയെയും കണ്ടുവളർന്ന ഗായത്രി സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് പിന്നീട് ആന്ധ്രപ്രദേശിലെ പീപാൽ ഗ്രോവ് സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കുകയും സംഗീത പഠനത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ പ്രശസ്തമായ ബിർക്ലി കോളജ് ഓഫ് മ്യൂസിക്കിൽ ബിരുദ പഠനത്തിനായി ചേരുകയും ചെയ്തു.
Read Also - അഭിമാന നേട്ടം! യുഎഇയിൽ മലയാളി നഴ്സിന് പുരസ്കാരം; 17 ലക്ഷം രൂപയും സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും