ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയതിന് 11 കോടി പിഴ; ചതിച്ചത് രണ്ട് മലയാളികളെന്ന് പ്രവാസി

By Web Team  |  First Published Jul 2, 2022, 1:03 PM IST

ട്രെയിലര്‍ ഡ്രൈവറായിരുന്ന മുനീറിന്റെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ പെരിന്തല്‍മണ്ണ സ്വദേശി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് ഓട്ടത്തിനായി വാഹനവുമായി പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 


റിയാദ്: സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയതിന് ശിക്ഷിക്കപ്പെട്ട ഈരാട്ടുപേറ്റ സ്വദേശിക്ക് പറയാനുള്ളത് ചതിക്കപ്പെട്ടതിന്റെ കഥയാണ്. ബഹ്റൈനില്‍ നിന്ന് കിങ് ഫഹദ് കോസ് വേ വഴി സൗദി അറേബ്യയിലേക്ക് മദ്യം കടത്തുന്നതിനിടെ പിടിയിലായ ഷാഹുല്‍ മുനീറിന് (24) പതിനൊന്ന് കോടിയോളം രൂപയാണ് ദമ്മാം ക്രിമിനല്‍ കോടതി പിഴ വിധിച്ചത്. എന്നാല്‍ താന്‍ ഓടിച്ചിരുന്ന ട്രെയിലറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയാതെ ചതിയില്‍ പെടുകയായിരുന്നുവെന്ന് മുനീര്‍ പറയുന്നു.

കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും സഹോദരന്റെ കരള്‍ രോഗവും തന്റെ അര്‍ബുദ രോഗവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു മുനീര്‍. ഇതിനിടെ ഒരിക്കല്‍ ദമ്മാമില്‍ വെച്ച് പരിചയപ്പെട്ട ഒരു മലപ്പുറം, പെരിന്തല്‍മണ്ണ സ്വദേശിയാണ് സഹായിക്കാമെന്ന പേരില്‍ തന്നെ കുടുക്കിയതെന്ന് മുനീര്‍ പറയുന്നു.

Latest Videos

ട്രെയിലര്‍ ഡ്രൈവറായിരുന്ന മുനീറിന്റെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ പെരിന്തല്‍മണ്ണ സ്വദേശി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് ഓട്ടത്തിനായി വാഹനവുമായി പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അവിടെയെത്തുമ്പോള്‍ തന്റെ ഒരു സുഹൃത്ത് ട്രെയിലറില്‍ ചില സാധനങ്ങല്‍ കയറ്റുമെന്നും അതുമായി തിരികെ സൗദി അറേബ്യയിലെത്തുമ്പോള്‍ 10,000 റിയാല്‍ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

Read also: രേഖകളില്ലാത്ത പ്രവാസികളെ പിടികൂടാന്‍ പരിശോധന; നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ഇതനുസരിച്ച് വാഹനവുമായി കിങ് ഫഹദ് കോസ്‍വേ വഴി ബഹ്റൈനില്‍ എത്തുകയും പെരിന്തല്‍മണ്ണ സ്വദേശി നിര്‍ദേശിച്ചതനുസരിച്ച് അവിടെയെത്തിയ മറ്റൊരു മലയാളിക്ക് വാഹനം കൈമാറുകയുമായിരുന്നു. രണ്ടാം ദിവസമാണ് ഇയാള്‍ ട്രെയിലറുമായി തിരിച്ചെത്തിയത്. തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയില്‍ പുലര്‍ച്ചെ തന്നെ എത്തിച്ചേരണമെന്നായിരുന്നു ഇവര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മുനീര്‍ അല്‍പം വൈകിയാണ് എത്തിയത്.

കോസ്‍വേയില്‍ വെച്ച് സൗദി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ മദ്യമാണെന്ന് കണ്ടെത്തി. 4000 കുപ്പി മദ്യമാണ് വാഹനത്തിലുണ്ടായിരുന്നത്. മുനീറിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്‍തു. മുനീര്‍ പിടിക്കപ്പെട്ടതോടെ മദ്യക്കടത്തിന് നേതൃത്വം നല്‍കിയ രണ്ട് മലയാളികളെക്കുറിച്ചും പിന്നീട് വിവരമൊന്നുമില്ലാതെയുമായി.

Read also: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു; നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന

നാട്ടിലേക്കുള്ള റീ എന്‍ട്രി വിസ ലഭിച്ച് പോകാന്‍ കാത്തിരുന്ന സമയത്തായിരുന്നു ഈ സംഭവം. അഞ്ച് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന തന്റെ ആദ്യ ബഹ്റൈന്‍ യാത്രയായിരുന്നു ഇതെന്നും പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് വാഹനത്തില്‍ മദ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും മുനീര്‍ പറയുന്നു. ദമ്മാം ക്രിമിനല്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി 52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. പിടിക്കപ്പെടുന്ന മദ്യത്തിന്റെ വില കണക്കാക്കിയാണ് ഇത്തരം കേസുകളില്‍ കോടതികള്‍ ശിക്ഷ വിധിക്കുന്നത്.

കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മദ്യക്കടത്തിന് നേതൃത്വം നല്‍കിയവര്‍ പിടിയിലാവാതെ മുനീറിന്റെ നിരപരാധിത്വം തെളിയിക്കാനാവുമോ എന്ന സംശയത്തിലാണ് ബന്ധുക്കള്‍. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുനീര്‍. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍പെടുത്തി നാടുകടത്തും. ഇത്ര വലിയ തുകയുടെ പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവ് ജയിലില്‍ കഴിയേണ്ടി വരും. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

click me!