വീടിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായതു കൊണ്ടാണ് നാലര വർഷമായി നാട്ടിൽ പോകാതിരുന്നത്.
റിയാദ്: നാലര വർഷമായി നാട്ടിൽ പോകാത്ത കോട്ടയം സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ഇവിടെയൊരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാജി ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയ അദ്ദേഹം അവിടെ വെച്ചാണ് മരിച്ചത്. 17 വർഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്. അടുത്തിടെ ഒരു വീട് നിർമിച്ചെങ്കിലും പണി പൂർത്തിയായിരുന്നില്ല. എന്നാൽ കുടുംബം അങ്ങോട്ട് താമസം മാറിയിരുന്നു. വീടിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായതു കൊണ്ടാണ് നാലര വർഷമായി നാട്ടിൽ പോകാതിരുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: നജുമുന്നിസ. മക്കൾ: ആദിൽ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.
Read more: ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു
അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; സൈനികന് ദാരുണാന്ത്യം, തേങ്ങലോടെ നാട്
ചേർത്തല: കണിച്ചുകുളങ്ങരയ്ക്ക് സമീപം ദേശിയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ വീട്ടിൽ ബിനു ചാക്കോ (39)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഓട്ടോകാസ്റ്റിന് മുൻവശത്തായിരുന്നു അപകടം. അസമില്‍ ജോലി ചെയ്യുന്ന ബിനു ചാക്കോ കഴിഞ്ഞ 12 ന് നാട്ടിൽ വന്നതാണ്. ഇതിന് ശേഷം അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തെ സുഹൃത്തിന്‍റെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ തിരികെ നൽകി നെടുമ്പാശ്ശേരിയിൽ നിന്ന് ഗോഹാട്ടി വിമാനത്തിൽ ജോലി സ്ഥലത്തേക്ക് മടങ്ങാനാണ് തകഴിയിലെ വീട്ടിൽ നിന്ന് ബിനു ഇറങ്ങിയത്. പൊള്ളാച്ചിയിൽ നിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയെ തുടർന്ന് കാറിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. മാരാരിക്കുളം പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ പൊളിച്ചാണ് ബിനു ചാക്കോയെ പുറത്തെടുത്തത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർക്കും കൂടെ ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ബിനു ചാക്കോ കരസേനയിൽ നായിബ് സുബേദറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛൻ ചാക്കോ ജോസഫ്, അമ്മ തങ്കമ്മ ചാക്കോ ഭാര്യ ഷൈനി ( അധ്യാപിക ,ദേവമാതാ സ്കൂൾ ,ചേന്നങ്കരി) മക്കൾ ബിയോൺ ഷിനു, ഷാരോൺ മരിയ ശവസംസ്കാരം ബുധനാഴ്ച വൈകിട് മൂന്നിന് പടഹാരം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Read also: പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു