കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ

By Web Team  |  First Published Jul 31, 2024, 3:51 PM IST

കുടുംബത്തിലെ ഒട്ടേറെ ബന്ധുക്കള്‍ മരിച്ചു. ചിലരെ കാണാതായി. കാണാതായവരില്‍ സുഹൃത്തുക്കളുമുണ്ട്. 


അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചിലരെ കാണാതായി. 

ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറി താമസിക്കുന്ന ഷാജഹാന്‍റെ മാതാപിതാക്കളും ഭാര്യയും മക്കളും സുരക്ഷിതരാണ്. എന്നാല്‍ നിരവധി ബന്ധുക്കള്‍ മരിച്ചതായി ഷാജഹാന്‍ 'ഖലീജ് ടൈംസി'നോട് പറഞ്ഞു. 12 സുഹൃത്തുക്കളെ കാണാതായി. ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിലെ എത്ര പേര്‍ അവശേഷിക്കുന്നുണ്ടെന്ന് പോലും അറിയില്ലെന്നും ആളുകള്‍ ഇപ്പോഴും ആശുപത്രികളിലെത്തി തെരയുകയാണെന്നും ഷാജഹാന്‍ പറയുന്നു. 

Latest Videos

undefined

Read Also -  പലരെയും മാറിമാറി വിളിച്ചു, വീട് അവിടെ ഇല്ലെന്ന് മാത്രം അറിഞ്ഞു; കുടുംബം ഒന്നാകെ ഒലിച്ചുപോയി, മരവിച്ച് ജിഷ്ണു

യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 37കാരനായ ഷാജഹാന്‍ ചൂരല്‍മല സ്വദേശിയാണ്. സുരക്ഷിതരാണെന്ന് താന്‍ വിശ്വസിക്കുന്ന പലരുടെയും ഫോട്ടോകള്‍ ഓരോ മണിക്കൂറിലും ലഭിക്കുകയാണ്. ചിലര്‍ മരിച്ചു, ചിലരെ കാണാതായി. തങ്ങളുടെ പ്രിയപ്പെട്ടവരെ തെരയുകയാണ് എല്ലാവരും. നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം ഏറ്റവും അടുത്ത സുഹൃത്തിനെയും നഷ്ടമായ തന്‍റെ മൂത്ത മകളെ ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ലെന്ന് ഷാജഹാന്‍ പറഞ്ഞു. ഓരോ തവണ മകളെ വിളിക്കുമ്പോഴും നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഹൃദയം നുറുങ്ങുന്നു. 

മക്കള്‍ പഠിച്ചിരുന്ന സ്കൂളും തകര്‍ന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന  മൂത്ത മകളും മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇളയ മകളും പഠിച്ചിരുന്ന സ്കൂളാണ് നിലംപൊത്തിയത്. വീട്ടില്‍ നിന്നും 15 കി.മീ അകലെയാണ് മറ്റൊരു സ്കൂളുള്ളത്. മക്കളുടെ, പ്രത്യേകിച്ച് പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ ഭാവിപഠനം എങ്ങനെയെന്ന ആശങ്കയും ഈ അച്ഛനുണ്ട്. സ്വന്തം നാട്ടിലുണ്ടായ വലിയ ദുരന്തം മൈലുകള്‍ക്കപ്പുറം പ്രവാസലോകത്തിരുന്ന് അറിയുമ്പോള്‍ ഓരോ നിമിഷവും ഓരോ കോളുകളും മെസേജുകളും വലിയ  പ്രതീക്ഷയും കൂടിയാകുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!