2030ൽ സൗദിയിൽ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്തും

By Web Team  |  First Published Dec 19, 2024, 3:04 PM IST

2030ഓടെ ലോജിസ്റ്റിക് മേഖലകളുടെ എണ്ണം ഇരട്ടിയാക്കാനൊരുങ്ങി സൗദി. 


റിയാദ്: 2030ൽ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ ആരംഭിച്ച വിതരണ ശൃംഖല സമ്മേളനത്തിൽ (സപ്ലൈ ചെയിൻ കോൺഫ്രറൻസ്) നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030ഓടെ ലോജിസ്റ്റിക് മേഖലകളുടെ എണ്ണം നിലവിലെ 22ൽനിന്ന് 59ലേക്ക് എത്തിക്കാൻ ഗതാഗത-ലോജിസ്റ്റിക് സംവിധാനം പരിശ്രമം തുടരുകയാണ്.

ഇത് മത്സരശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ, വ്യവസായിക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനും വിവിധ ഗതാഗത സംവിധാനങ്ങളെ ഏകീകരിക്കാനുമാണെന്നും മന്ത്രി പറഞ്ഞു. ഭരണകൂട പിന്തുണയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിനുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതിൽ സൗദി വിജയിച്ചു. തുറമുഖങ്ങളിൽ 18 ലോജിസ്റ്റിക്‌സ് സോണുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.

Latest Videos

undefined

Read Also - ദുബൈയുടെ വിസ്മയ ഗോപുരങ്ങളിൽ തെളിഞ്ഞ സുന്ദരനായ പൊടിമീശക്കാരന്‍റെ ചിത്രം; അഭിനന്ദനങ്ങളറിയിച്ച് നെറ്റിസൺസ്

നിരവധി ലോജിസ്റ്റിക്‌സ് സോണുകളിൽ നിക്ഷേപിക്കാൻ തദ്ദേശീയവും അന്തർദേശീയവുമായ സ്വകാര്യ കമ്പനികൾ വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽനിന്നുള്ള മൊത്തം നിക്ഷേപം ആയിരം കോടി റിയാൽ കവിഞ്ഞു. ലോജിസ്റ്റിക്‌സ് മേഖല സാക്ഷ്യം വഹിച്ച വലിയ വികസനത്തിലൂടെ ആഗോള വിതരണ ശൃംഖലയിൽ അതിെൻറ സന്നദ്ധത നിലനിർത്തുന്നതിൽ സൗദി വിജയിച്ചതായും ഗതാഗത മന്ത്രി സൂചിപ്പിച്ചു. ആഗോള വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും മേഖലയിലെ വിതരണ ശൃംഖലകളുടെയും ചരക്കുകളുടെയും ഒഴുക്ക് ഉറപ്പാക്കുന്നതിനാവശ്യമായ ഘടകങ്ങൾ സ്ഥാപിക്കുന്നതിലും വലിയതും വളരുന്നതുമായ ലോജിസ്റ്റിക്കൽ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലും സൗദി ഫലപ്രദമായ പങ്ക് വഹിച്ചുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!