സ്വന്തം മണ്ണിൽ കാലൂന്നിനിന്ന് ലോകത്തെ തൊടാനാഗ്രഹിക്കുന്ന സൗദി പെൺകൊടികളുടെ റോൾ മോഡലുകളിലൊരുവൾ അവരുടെ ജീവിതം പറയുകയായിരുന്നു. ഹൈഫ അൽജദാഇ. ഈ വർഷം ജനുവരി മൂന്നിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്ത, 11 സൗദി അംബാസഡർമാരിൽ ഒരാൾ ഈ യുവതിയായിരുന്നു.
"ഒരു നയതന്ത്രജ്ഞൻ എന്ന നിലയിൽ, എന്റെ പിതാവിന്റെ ജോലി എന്റെ കുടുംബത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി. ഞാനും എന്റെ സഹോദരങ്ങളും സ്വിറ്റസർലൻഡിലെ ആൽപ്‌സ് പർവതനിരകളിൽ സ്കീയിംഗ് പഠിച്ചു. ന്യൂയോർക്കിലെ തോട്ടങ്ങളിൽ ആപ്പിൾ പറിക്കാൻ പോയി. വേനൽക്കാലത്ത് സ്വീഡിഷ് ദ്വീപസമൂഹത്തിലൂടെ ധാരാളം യാത്ര ചെയ്തു. നിരവധി റോഡ് യാത്രകളിലൂടെ മൊറോക്കോയുടെ സമ്പന്നമായ സംസ്കാരവും ചരിത്രവും കണ്ടെത്തി. ഒരു നയതന്ത്രജ്ഞന്റെ മകളെന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ലോകത്തെ പലതരം ജനസമൂഹങ്ങൾക്കൊപ്പമായിരുന്നു. ഇന്റർനാഷണൽ സ്‌കൂളുകളിൽ പഠിക്കാനായത് ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്‌കാരങ്ങളിലേക്കും ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനും അവരുമായി കൂടിക്കലരാനും അവസരമേകി".
സ്വന്തം മണ്ണിൽ കാലൂന്നിനിന്ന് ലോകത്തെ തൊടാനാഗ്രഹിക്കുന്ന സൗദി പെൺകൊടികളുടെ റോൾ മോഡലുകളിലൊരുവൾ അവരുടെ ജീവിതം പറയുകയായിരുന്നു. ഹൈഫ അൽജദാഇ. ഈ വർഷം ജനുവരി മൂന്നിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്ത, 11 സൗദി അംബാസഡർമാരിൽ ഒരാൾ ഈ യുവതിയായിരുന്നു. യുവതിയെന്ന് പറഞ്ഞാൽ വളരെ വളരെ ചെറുപ്പം. എന്നാല്‍ വഹിക്കുന്ന പദവികൾ വളരെ ഗൗരവമേറിയതും വലിപ്പത്തിലുമുള്ളതും. യൂറോപ്യൻ യൂണിയനിലെയും യൂറോപ്യൻ ആണവോർജ സമൂഹത്തിലെയും സൗദി മിഷന്റെ മേധാവി, അതായത് അംബാസഡർ.
undefined
ഇതാണ് പുതിയ സൗദി അറേബ്യ. സ്ത്രീക്ക് സ്വാതന്ത്ര്യമില്ലാത്ത രാജ്യമെന്നൊക്കെ കേട്ടിരുന്നത് പഴയ കഥയോ കെട്ടുകഥയോ ആയി. ഇന്ന് ലോക വേദികളിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നവരിൽ വനിതകളുടെ എണ്ണം കൂടി വരികയാണ്. അമേരിക്കയിലേക്കും ജർമനിയിലേക്കും ഇപ്പോൾ യൂറോപ്യൻ യൂണിയനിലേക്കും പല അന്താരാഷ്ട്ര സംഘടനകളിലേക്കുമെല്ലാം സൗദി സ്വന്തം ദൗത്യത്തിന് അയക്കുന്നവരിൽ നല്ലൊരു പങ്ക് ഹൈഫയെ പോലുള്ള പെൺകൊടികളാണ്. സൗദി മാതൃകയുടെ പെൺമുദ്രകളായി മാറുന്നു ഇവരെല്ലാം.
ഹൈഫയുടെ കഥ കേൾക്കുമ്പോൾ പിതാവ് നയതന്ത്രജ്ഞനായതിനാൽ ലോകം കാണാനും അന്താരാഷ്ട്ര സമൂഹങ്ങളുമായി ഇടപഴകാനും അനുഗ്രഹിക്കപ്പെട്ട ഒരുവളെങ്ങനെ സാധാരണ പെൺകുട്ടികൾക്ക് റോൾ മോഡലാവും എന്നൊരു ചോദ്യമുയരും. സ്വാഭാവികം. എന്നാൽ അതിനുള്ള ഉത്തരമാണ് സൗദി അറേബ്യയുടെ സമഗ്ര വികസനത്തിനുള്ള ദീർഘദർശിത്വ പദ്ധതിയായ ’വിഷൻ 2030’ ഏതാനും വർഷങ്ങളായി ലോകത്തിന് നൽകി കൊണ്ടിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന സ്ത്രീ ശാക്തീകരണ മുന്നേറ്റമാണ് രാജ്യം സാധ്യമാക്കുന്നത്. അഭിനിവേശമുള്ള ഏത് സാധാരണക്കാരിയായ പെൺകുട്ടിക്കും അവളുടെ കഴിവിനും അഭിലാഷത്തിനും അനുസരിച്ച് ഉയർന്നുപോകാനും ആഗ്രഹങ്ങളുടെ ആകാശം എത്തിപ്പിടിക്കാനും വിഷൻ 2030 എല്ലാ സൗകര്യവുമൊരുക്കുന്നു. ഈ വർഷാവസാനം സൗദിയുടെ ആദ്യ വനിതാ സഞ്ചാരിയായി റയ്യാന ബർനവി ബഹിരാകാശത്ത് എത്തുമ്പോൾ വനിതാശാക്തീകരണം ഏഴാമാകാശവും കടക്കും.
ആരാണ് ഹൈഫ?
സൗദി നയതന്ത്ര ഉദ്യോഗസ്ഥനായ അബ്ദുറഹ്മാന്റെ മകളായി റിയാദിലാണ് ജനിച്ചത്. എന്നാൽ വൈകാതെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് നീങ്ങേണ്ടിവന്നു. അധികകാലവും തങ്ങിയത് ന്യൂയോർക്കിലാണ്. ഏതാണ്ട് 17 വർഷം. ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബ്രോഡ്കാസ്റ്റിങ് ജേർണലിസത്തിലാണ് ബിരുദം. അക്കാലത്ത് എ.ബി.സി ന്യൂസിൽ ഇന്റേൺഷിപ്പ് ചെയ്തു. അതിന് ശേഷം ഐക്യരാഷ്ട്ര സംഘടനയിലെ ഇന്റർപ്രസ് ന്യൂസിൽ റിപ്പോർട്ടറായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചത് ചിന്തയെയും കാഴ്ചപ്പാടുകളെയും ആരാകണമെന്ന ആഗ്രഹങ്ങളെയും പാടെ മാറ്റിമറിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടണമെന്നുള്ള ചിന്തയായി. സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽനിന്ന് തന്നെ ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദമെടുത്തു. അവിടെ അവസാനിപ്പിച്ചില്ല. കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് 'സംഘർഷ പരിഹാരവും ചർച്ചകളും' എന്ന വിഷയത്തിൽ ഒരു മാസ്റ്റർ ബിരുദം കൂടിയെടുത്ത് ആ രംഗത്ത് കൂടുതൽ വൈദഗ്ധ്യവും അറിവും സ്വന്തമാക്കി. ന്യൂയോർക്കിലെ യുഎൻ കൗണ്ടർ ടെററിസം സെന്ററിൽ പ്രവർത്തിച്ചു. ശേഷം യു.എൻ ജനറൽ അസംബ്ലിയിലും സെക്യൂരിറ്റി കൗൺസിലിലും സൗദി അറേബ്യയുടെ പ്രതിനിധിയായി കുറച്ചുകാലം.
ശേഷം റിയാദിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും സൗദി അറേബ്യ പുതിയ സാമൂഹിക, വികസന കാഴ്ചപ്പാടിൽ മുന്നേറ്റം തുടങ്ങിയിരുന്നു. വിഷൻ 2030ന്റെ ദേശീയ വികസന, വൈവിധ്യവത്കരണ പരിപാടിയിൽ ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സൗദി അറേബ്യയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ സൗദി റിസർച്ച് ആൻഡ് മീഡിയ ഗ്രൂപ്പിന് കീഴിലെ ’എസ്.ആർ.എം.ജി തിങ്ക്’ എന്ന സ്ഥാപനത്തിൽ മാനേജിങ് ഡയറക്ടറായി ചേർന്നു. മധ്യപൂർവേഷ്യ - ഉത്തരാഫ്രിക്ക മേഖലയിൽനിന്നുള്ള കാഴ്ചപ്പാടുകളും വിശകലനങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ സ്ഥാപനമായിരുന്നു അത്. ഈ പദവിയിലിരിക്കെയാണ് യൂറോപ്യൻ യൂണിയനിലെ സൗദി ദൗത്യത്തിന്റെ മേധാവിയാവാൻ രാജകീയ ക്ഷണമെത്തുന്നത്.
അനുകൂല ഘടകങ്ങൾ ഉപയോഗപ്പെടുത്തി ലോകത്തോളം വളരാനിടയാക്കിയ കാര്യങ്ങളെയും അപ്പോഴും സ്വന്തം മണ്ണിൽ കാലുറപ്പിച്ച് നിന്നുകൊണ്ട് ജനിച്ച സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇടപെടാൻ പ്രാപ്തയാക്കുന്നതിനെയും കുറിച്ച് ഹൈഫയുടെത്തന്നെ വാക്കുകൾ ഇങ്ങനെ: ഒരു നയതന്ത്രജ്ഞെൻറ മകൾ എന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അന്താരാഷ്ട്ര വിദ്യാലയങ്ങളിലെ പഠനവും ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്‌കാരങ്ങളിലേക്കും ജനങ്ങളിലേക്കും ഇറങ്ങിചെല്ലലുമായിരുന്നു. അന്തർദേശീയ വിഷയങ്ങളും ലോകക്രമങ്ങളും സംബന്ധിച്ച് ധാരണയും ഉൾക്കാഴ്ചയും നേടാൻ ഇത് എന്നെ അനുവദിച്ചു. എന്റെ കരിയറിൽ എനിക്ക് വളരെയധികം ഗുണം ചെയ്ത ഒന്ന് ഇതായിരുന്നു.
ഇന്ന് ഞാൻ ആരാണെന്ന് രൂപപ്പെടുത്തുന്നതിൽ അത് ഒരു പ്രധാന പങ്ക് വഹിച്ചു. യാത്ര ചെയ്യാനും വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കാനും വൈവിധ്യമാർന്ന പാചകരീതികൾ പോലും പരീക്ഷിക്കാനും കഴിയുന്നത്ര ഭാഷകൾ ഉൾക്കൊള്ളാനും ഞാനിപ്പോഴും ഇഷ്ടപ്പെടുന്നു. ചുരുക്കത്തിൽ, ലോകം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായി മനസ്സിലാക്കാൻ അത് എന്നെ പ്രാപ്തമാക്കി.
വളർന്നുവരുമ്പോൾ, വർഷങ്ങളായി പിന്തുണയുടെ അചഞ്ചലമായ സ്തംഭമായിരുന്ന എന്റെ കുടുംബത്തിൽ നിന്നുതന്നെ ഞാൻ പ്രചോദനം കണ്ടെത്തി. കരിയറിൽ പിതാവ് എന്നെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്‌തു. കൂടാതെ ഈ മേഖലയുടെ സങ്കീർണമായ തലങ്ങളിലൂടെയുള്ള അതിജീവനം എങ്ങനെ സാധ്യമാക്കാമെന്ന് മാർഗദർശനമാകുകയും ചെയ്തു.
അപ്പോഴും എന്റെ അമ്മ പിറന്ന നാടുമായുള്ള ഞങ്ങളുടെ ബന്ധമായി നിലകൊണ്ടു. ഞങ്ങൾ ലോകത്ത് എവിടെയായിരുന്നാലും നമ്മുടെ സൗദി സംസ്കാരവും പാരമ്പര്യങ്ങളും പൈതൃകവും നിലനിർത്തുന്നതിൽ അത് പ്രധാന പങ്ക് വഹിച്ചു. എനിക്കും സൗദി സമൂഹത്തിലെ മറ്റു പലർക്കും അടിത്തറ പാകിയ ശക്തരും, സ്ഥിരോത്സാഹികളും, ബുദ്ധിശക്തിയും, കൃപയുള്ളവരുമായ ചില സൗദി സ്ത്രീകൾക്ക് ചുറ്റുമാണ് ഞാനും വളർന്നത്. ഇത് മാധ്യമ മേഖലയിൽ എന്റെ പ്രൊഫഷണൽ യാത്ര ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചു.
9/11 ന് ശേഷം, അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളുടെ കൃത്യമല്ലാത്ത കഥകളും മോശമായ തെറ്റിദ്ധാരണകളും കാരണം സൗദികളും മുസ്ലീങ്ങളും ആഗോളതലത്തിൽ കളങ്കം നേരിടുന്ന കാലമായിരുന്നു അത്. ഇതിനെതിരെ തിരുത്തൽ ശക്തിയായി വർത്തിക്കണമെന്ന ചിന്ത അങ്ങനെയാണ് മനസിൽ രൂഢമൂലമാകുന്നത്.