മലയാളികൾക്ക് അഭിമാനം; കോഴിക്കോട് സ്വദേശി ഷാമിലിന് സൗദി ഗെയിംസിൽ സ്വർണം

By Web Team  |  First Published Oct 5, 2024, 6:23 PM IST

പുരുഷ, വനിത ബാഡ്മിൻറണ്‍ സിംഗിള്‍സില്‍ ആറു സ്ഥാനങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകളാണ് ഇന്ത്യക്കാര്‍ നേടിയത്.


റിയാദ്: സൗദി ദേശീയ ഗെയിംസിലെ ബാഡ്മിൻറണിൽ സ്വർണത്തിൽ ഹാട്രിക് നേടിയ കൊടുവള്ളി സ്വദേശിനി ഖദീജ നിസയെ കൂടാതെ ഈ വർഷത്തെ ഗെയിംസിൽ മറ്റൊരു മലയാളിക്കും സുവർണ നേട്ടം. സ്മാഷ് ഷോട്ടിെൻറ മനോഹര കാഴ്ചകളും മിഡ് ഷോട്ട് കൗണ്ടര്‍ അറ്റാക്കിെൻറ ത്രസിപ്പിക്കുന്ന പോരാട്ടവും അമ്പരപ്പിച്ച കളിയരങ്ങില്‍ കോഴിക്കോട് സ്വദേശി മുട്ടമ്മല്‍ ഷാമിലാണ് മലയാളികളുടെ അഭിമാനമായ ആ രണ്ടാം ഗോൾഡ് മെഡൽ നേടിയ മിടുക്കൻ.

പുരുഷ സിംഗിള്‍സില്‍ ഇഞ്ചോടിഞ്ച് തീപാറും പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്. ബഹ്‌റൈന്‍ ദേശീയ താരം ഹസന്‍ അദ്‌നാന്‍ ആയിരുന്നു എതിരാളി. സൗദിയില്‍ ജോലി ചെയ്യുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തി അല്‍ നസര്‍ ക്ലബിനുവേണ്ടി കളത്തിലിറങ്ങിയ അദ്‌നാനെ ഷാമില്‍ ആദ്യ സെറ്റില്‍ പിടിച്ചുകെട്ടുകയായിരുന്നു. സ്‌കോര്‍ 21-14. രണ്ടാം സെറ്റില്‍ ഷാമിലിനെ 21-12ന് തകര്‍ത്തെങ്കിലും മൂന്നാം സെറ്റില്‍ 21-14ന് ആധികാരിക ജയം സ്വന്തമാക്കിയാണ് കഴിഞ്ഞ വര്‍ഷം വെങ്കല മെഡല്‍ ജേതാവായ ഷാമില്‍ ഇത്തവണ സ്വർണം നേടിയത്. സ്വര്‍ണം ഉറപ്പിച്ച് കളത്തിലിറങ്ങിയ ഹസന്‍ അദ്‌നാനെ മുട്ടുകുത്തിച്ച ഷാമിലിെൻറ വിജയം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍ കൊയ്തത്.

Latest Videos

undefined

പുരുഷ, വനിതാ ബാഡ്മിൻറണ്‍ സിംഗിള്‍സില്‍ ആറു സ്ഥാനങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍ ഇന്ത്യക്കാര്‍ക്കാണ്. അതില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ മൂന്നെണ്ണം മലയാളികള്‍ നേടിയത് പ്രവാസി മലയാളികൾക്ക് വലിയ അഭിമാനമായി. ഖദീജ നിസക്കും ഷാമിലിനും പുറമെ വെങ്കല ജേതാവായ മലയാളി വനിതാ സിംഗിള്‍സിലെ ഖദീജ നിസയുടെ ജൈത്ര യാത്ര തുടരുകയാണ്. 

കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈദരാബാദ് സ്വദേശി ശൈഖ് മെഹദ് ഷാ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മൂന്നാം തവണയും ബാഡ്മിൻറണ്‍ വിഭാഗത്തിലെ ഏക ഹാട്രിക് സ്വർണ നേട്ടം ഖദീജ നിസക്ക് സ്വന്തമായി. ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഖദീജ നിസയ്‌ക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പീനോ താരം പെനേഫ്ലാര്‍ അരീലെ ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ ഖദീജയെ 21-15ന് മുട്ടുകുത്തിച്ചു. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ ഖദീജ തിരിച്ചടിച്ചതോടെയാണ് (സ്‌കോര്‍ 13-21, 10-21) റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് കളികളില്‍ കരുത്തു തെളിയിച്ചാണ് ഖദീജ സുവര്‍ണ തേരോട്ടം നടത്തിയത്. വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയത് മലയാളി താരം ഷില്‍ന ചെങ്ങശേരിയുമാണ്.

(ഫോട്ടോ: 1. പുരുഷ ബാഡ്മിൻറൺ സിംഗിൾസിൽ സ്വർണം നേടിയ കോഴിക്കോട് സ്വദേശി ഷാമിൽ, 2. വനിതാ സിംഗിൾസിൽ ഹാട്രിക് സ്വർണം നേടിയ ഖദീജ നിസയും വെങ്കലം നേടിയ മറ്റൊരു മലയാളി താരം ഷില്‍ന ചെങ്ങശേരിയും ഒപ്പം വെള്ളി മെഡൽ ജേതാവ് ഫിലിപ്പീനോ താരം പെനേഫ്ലാര്‍ അരീലെ)
 

click me!