ഒറ്റ ദിവസം, മൂന്നുപേർക്ക് പുതിയ ജീവിതം; മൈലുകള്‍ താണ്ടി പറന്നു, 24 മണിക്കൂറിൽ മൂന്ന് ഹൃദയമാറ്റ ശസ്ത്രക്രിയകൾ

By Web Team  |  First Published Jul 13, 2024, 5:39 PM IST

രണ്ട് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് രോഗികൾ. അബുദാബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്ന് എടുത്ത ഹൃദയങ്ങൾ സ്വകാര്യ വിമാനമാർഗം റിയാദിലെത്തിച്ചാണ് 24 മണിക്കൂറിനുള്ളിൽ പുതിയ ശരീരങ്ങളിൽ സ്ഥാപിച്ചത്.


റിയാദ്: 24 മണിക്കൂറിനുള്ളിൽ മൂന്ന് രോഗികളിൽ വിജയകരമായി ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി. ഹൃദയപേശികളുടെ ബലഹീനതയും പരാജയവും മൂലം ബുദ്ധിമുട്ടുന്ന വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് രോഗികൾക്കാണ് ഹൃദയങ്ങൾ വെച്ചുപിടിപ്പിച്ച് ജീവിതമെന്ന പ്രതീക്ഷ പുനഃസ്ഥാപിച്ചത്. 

രണ്ട് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് രോഗികൾ. അബുദാബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്ന് എടുത്ത ഹൃദയങ്ങൾ സ്വകാര്യ വിമാനമാർഗം റിയാദിലെത്തിച്ചാണ് 24 മണിക്കൂറിനുള്ളിൽ പുതിയ ശരീരങ്ങളിൽ സ്ഥാപിച്ചത്. ശസ്ത്രക്രിയകൾ വിജയകരമായി. ഒമ്പതു വയസ്സുകാരിയായ രോഗിയുടെ പ്രശ്നം ഹൃദയപേശികൾ ബലഹീനമായതായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ കൃത്രിമ വാൾവ് ഘടിപ്പിച്ച് അവളുടെ ജീവൻ രക്ഷിച്ചിരുന്നു. വാൾവിനെ ആശ്രയിക്കാൻ കഴിയാത്തതിനാൽ ഒരു ഹൃദയ ദാതാവിനെ തേടി ആശുപത്രിയിൽ കഴിയുകയായിരുന്നു ഇൗ ഒമ്പതു വയസ്സുകാരി. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനും യു.എ.ഇയുടെ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഏജൻസിയായ ഹയാത്തും തമ്മിലുള്ള ഏകോപനത്തിലാണ് പൊരുത്തപ്പെടുന്ന ഒരു ദാതാവിനെ ലഭ്യമാക്കിയത്.

Latest Videos

തുടർന്ന് വിദഗ്ധ സംഘം റിയാദിൽ നിന്ന് അബുദാബിയിലെത്തി. അബുദാബിയിലെ ക്ലീവ്‌ലാൻഡ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽനിന്ന് ഹൃദയം നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. വിമാനമാർഗം കിങ് ഖാലിദ് വിമാനത്താവളത്തിലേക്കും തുടർന്ന് ആംബുലൻസിൽ റിയാദിലെ ആശുപത്രി ആസ്ഥാനത്തേക്കും ഹൃദയം എത്തിക്കുകയും ചെയ്തു. ഹൃദയ ശസ്ത്രക്രിയ വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. സുഹൈർ അൽ ഹാലിസിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുട്ടിയുടെ ശരീരത്തിൽ ഹൃദയം മാറ്റിവെച്ചു. അവൾ ഒബ്സർവേറ്ററിയിൽ തുടരുകയാണ്.

കിങ് ഫൈസൽ ആശുപത്രിയിലെ മറ്റൊരു മെഡിക്കൽ സംഘം ജിദ്ദയിലെ നാഷനൽ ഗാർഡിെൻറ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെത്തി അവിടെ മസ്തിഷ്ക മരണം സംഭവിച്ചുകിടന്ന ഒരു രോഗിയിൽ നിന്നെടുത്ത ഹൃദയം റിയാദിലെത്തിച്ച് 40 വയസുള്ള രോഗിക്ക് മാറ്റിവെക്കുകയായിരുന്നു. കൺസൾട്ടൻറ് കാർഡിയാക് സർജനും കിങ് ഫൈസൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ പ്രോഗ്രാം മേധാവിയുമായ ഡോ. ഫറാസ് ഖലീലിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

Read Also -  ഇന്ത്യക്കാർക്ക് സന്തോഷവാര്‍ത്ത, സുപ്രധാന നീക്കം; യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാട് ഇനി ഖത്തറിലും

മൂന്നാമത്തെ രോഗി 41 വയസ്സുള്ള ആളാണ്. ഒരു വർഷം മുമ്പ് ഹൃദയസ്തംഭനമുണ്ടായ ഇയാൾക്ക് കൃത്രിമ വാൾവ് ഘടിപ്പിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. റിയാദിലെ നാഷനൽ ഗാർഡിെൻറ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിൽനിന്നാണ് ഹൃദയമെടുത്തത്. ഡോ. ഫിറാസ് ഖലീലിെൻറ നേതൃത്വത്തിലുള്ള സംഘം വിജയകരമായി ശസ്ത്രക്രിയ നടത്തി. രോഗി ഇപ്പോഴും വൈദ്യപരിശോധനയിൽ കഴിയുകയാണ്.

സമയം ഒരു നിർണായക ഘടകമായതിനാൽ റിയാദ്  ട്രാഫിക് വകുപ്പിെൻറ സഹകരണത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് ഹൃദയങ്ങളും കിങ് ഫൈസൽ ആശുപത്രിയിലെത്തിക്കാനായത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 20ാം സ്ഥാനത്തും നിൽക്കുന്ന ആശുപത്രിയാണ് കിങ് ഫൈസൽ. ന്യൂസ് വീക്ക് മാഗസിെൻറ തെരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച 250 ആശുപത്രികളിൽ ഇടം നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!