അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

By Web Team  |  First Published Nov 7, 2022, 8:52 PM IST

സാല്‍വ ചെക് പോസ്റ്റില്‍ വിരലടയാളം എടുത്തപ്പോഴാണ് ഇയാളുടെ പേരില്‍ കേസുള്ള വിവരം അറിയുന്നത്. 18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇതോടെ കൊലപാതക കേസായി മാറി.


റിയാദ്: സൗദി അറേബ്യയില്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസി മലയാളി. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസിയാണ് സൗദി അതിര്‍ത്തിയിലെ പരിശോധനയില്‍ കുടുങ്ങിയത്. പതിനെട്ട് വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് പരിശോധനയില്‍ കുടുങ്ങിയത്.

വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസിയായ മലയാളി, അവിടെ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് എത്തിയതായിരുന്നു. സാല്‍വ ചെക് പോസ്റ്റില്‍ വിരലടയാളം എടുത്തപ്പോഴാണ് ഇയാളുടെ പേരില്‍ കേസുള്ള വിവരം അറിയുന്നത്. 18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇതോടെ കൊലപാതക കേസായി മാറി. കേസിലെ എട്ടാം പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീടും നിരവധി തവണ നാട്ടിലേക്ക് പോകുകയും പാസ്പോര്‍ട്ട് പുതുക്കുകയും ചെയ്തിരുന്നു.

Latest Videos

കേസ് ഇന്‍റര്‍പോളിന് കൈമാറിയിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇയാളെ കേസ് നടപടികള്‍ക്കായി ഇന്ത്യയിലേക്ക് അയയ്ക്കും. കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കോടതി വിട്ടയച്ചിരുന്നു. വിചാരണ വേളയില്‍ ഹാജരാകാത്തതാണ് പ്രവാസി മലയാളിക്ക് കുരുക്കായത്. 

Read More -  സൗദി എയർലൈൻസിന്റെ 780 സർവീസുകൾ പുതിയതായി ഷെഡ്യൂള്‍ ചെയ്തു

സൗദിയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു

റിയാദ്: സൗദി അറേബ്യയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ എഫ്-15 എസ് യുദ്ധവിമാനമാണ് കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ് പരിശീലന ഗ്രൗണ്ടില്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10.52നാണ് സംഭവം.

Read More - പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. മക്ഡൊണല്‍ ഡഗ്ലസ് രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണ് എഫ് - 15 ഈഗിള്‍. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 

click me!