ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടര്‍ന്ന സുരേഷ് കുമാര്‍ 14 ദിവസം മുൻപാണ് മരിച്ചത്
ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ വേണ്ട നടപടി സ്വീകരിച്ചു.
ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പ്രവാസി സാമൂഹ്യ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. മൃതദേഹം എംബാം ചെയ്യുന്നതിന് ആശുപത്രിയിൽ നിന്നും കൊണ്ടുപോയി. ഏപ്രിൽ അഞ്ചിനാണ് സുരേഷ് ആശുപത്രിയിലായത്. പനി ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടര്‍ന്ന സുരേഷ് കുമാര്‍ 14 ദിവസം മുൻപ് മരിച്ചു. ആശുപത്രിയിൽ നാല് ലക്ഷത്തിലേറെ ദിര്‍ഹമാണ് ചികിത്സയ്ക്ക് ചെലവായത്.