പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

By Web Team  |  First Published Jun 2, 2020, 8:50 PM IST

വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്


ദില്ലി: വിദേശത്ത് നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേരള ആവശ്യപ്പെട്ടതായി വി മുരളീധരൻ. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വന്നിറങ്ങുന്ന ആളുകളെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ഉപയോഗത്തിലാണ്. കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും കേരളം അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കടക്കം നിയന്ത്രണം വേണമെന്ന് സംസ്ഥാന സർക്കാർ അയച്ച കത്തിൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ തിരികെ വരുന്നത് കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സംസ്ഥാന മന്ത്രിമാര്‍ അടക്കം നേരത്തെ പറഞ്ഞിരുന്നുവെന്നും, അതുകൊണ്ട് തന്നെ അധികം പേർ വരേണ്ടതില്ലെന്നാവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും വി മുരളീധരന്‍ പറഞ്ഞു.   

Latest Videos

ഗള്‍ഫില്‍ ഇതിനകം 160ലധികം മലയാളികള്‍ മരിച്ചു. പ്രവാസികളെ എത്രയും വേഗം തിരിച്ച് കൊണ്ടുവരേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ആവശ്യമായ ക്വാറന്റീന്‍ സംവിധാനങ്ങളും പരിശോധനാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ അടിയന്തരമായി ഏര്‍പ്പെടുത്തണം.  ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ്. 
വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ കേരളവുമായി ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കുകയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

click me!