2018-ലാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയത്.
റിയാദ്: ശരീരം തളർന്ന് കിടപ്പിലായ പാറശ്ശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്ന് വർഷം മുമ്പാണ് കന്യാകുമാരി പാറശ്ശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്. റിയാദിന് സമീപം അൽഖർജിൽ കെട്ടിടനിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽനിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചുകിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്ത് ആരോഗ്യം വീണ്ടെടുക്കാൻ. അതിനിടയിൽ വിദഗ്ധ ചികിത്സക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് സ്റ്റാലിെൻറ പേരിൽ കേസ് ഉള്ളതായി അറിയുന്നത്.
undefined
തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിെൻറ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ തെൻറ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു. ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു. താൻ ഇതുവരെയും ഒരു കേസിൽ പോലും പെട്ടിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലായിരുന്നു സ്റ്റാലിൻ.
കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയംഗവും അൽഖർജ് ഏരിയ കൺവീനറുമായ നാസർ പൊന്നാനി ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ഹ സ്റ്റേഷനിൽ മദ്യവുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്ന് അറിയാൻ സാധിച്ചത്. അൽഖർജിൽ താമസിക്കുന്ന താൻ എങ്ങനെ ബത്ഹ സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു കേസിൽപ്പെട്ടു എന്നത് സ്റ്റാലിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഇതുമായി ബന്ധപ്പെട്ട് സ്വയം പരിശോധിച്ചപ്പോഴാണ് മുമ്പൊരിക്കൽ ബത്ഹയിൽ പോയ് തിരിച്ചുവരും വഴി ടാക്സിയിൽ ഉണ്ടായിരുന്ന രണ്ട് അറബ് വംശജർ വഴക്കടിക്കുകയും ഡ്രൈവർ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി സ്റ്റാലിൻ ഓർക്കുന്നത്. പൊലീസിനെ കണ്ടതും വഴക്ക് കൂടിയവർ റോഡ് മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിക്കുകയും വാഹനത്തിൽനിന്നും മദ്യം പിടികൂടുകയും ചെയ്തു.
തുടർന്ന് ബത്ഹ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ഡ്രൈവറെയും സ്റ്റാലിനെയും രണ്ട് മണിക്കൂറിനകം പറഞ്ഞുവിട്ടു. ഈ സംഭവം നടക്കുന്നത് അഞ്ച് വർഷം മുമ്പാണെന്ന് സ്റ്റാലിൻ പറയുന്നു. തുടർന്ന് നാസർ പൊന്നാനി ബത്ഹ സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് സ്റ്റാലിെൻറ വിവരങ്ങൾ ധരിപ്പിച്ചു. രേഖകൾ പരിശോധിച്ച പൊലീസ് മേധാവി കേസ് റദ്ദ് ചെയ്യാനും എക്സിറ്റ് അടിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു. റിയാദിലെ ഇന്ത്യൻ എംബസിയുടെ നിർലോഭമായ പിന്തുണ സ്റ്റാലിന് ലഭിച്ചു. 2013-ൽ സൗദിയിലെത്തിയ സ്റ്റാലിൻ 2018-ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018-ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021-ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിെൻറ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റ് തരപ്പെടുത്തി.
Read Also - സൗജന്യ വിസയും താമസസൗകര്യവും വിമാന ടിക്കറ്റും, ഒമാനിൽ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റർവ്യൂ
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി. ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്‌തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനുശേഷം സ്റ്റാലിൻ വെറും കൈയ്യോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
(ഫോട്ടോ: കേളി അൽ ഖർജ് ഏരിയ പ്രസിഡൻറ് ഷബി അബ്ദുൽ സലാം, ഏരിയ രക്ഷാധികാരി സമിതിയംഗം മണികണ്ഠ കുമാർ, നാസർ പൊന്നാനി, ജീവകാരുണ്യ കമ്മിറ്റിയംഗം നൗഫൽ പതിനാറുങ്ങൽ എന്നിവർ സ്റ്റാലിന് യാത്രാരേഖകൾ കൈമാറുന്നു)