പോളണ്ടിലെ നിർമാണ കമ്പനിയിൽ ദുരിതം പേറി ഇന്ത്യക്കാരായ തൊഴിലാളികൾ, ഭീഷണിയും; രക്ഷകനായി മലയാളി വ്യവസായി

By Web Team  |  First Published May 21, 2024, 5:40 PM IST

പോളണ്ടിൽ മലയാളി ബിയർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചന്ദ്രമോഹൻ ഇതിനും മുമ്പും പോളണ്ടിൽ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു.


വാർസൊ: പോളണ്ടിൽ ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച ഓർലെൻ കേസിൽ വഴിത്തിരിവായത് മലയാളിയുടെ സമയോചിതമായ ഇടപെടൽ. പോളണ്ടിൽ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹൻ നല്ലൂർ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ ഓർലെനിൽ ജോലിക്കെത്തിയ മലയാളികൾ ഉൾപ്പെട്ട നിരവധി ഇന്ത്യൻ തൊഴിലാളികളെ ദുരിത കയത്തിൽ നിന്നും കരകയറ്റിയത്‌. ഓർലെൻ നിർമ്മാണ കമ്പനിയിൽ നിന്നും സഹികെട്ട് പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇൻഡോ പോളിഷ് ചേമ്പറിൽ ഡയറക്ടർ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്. 

വിവരങ്ങൾ മനസിലാക്കിയ ചന്ദ്രമോഹൻ തൊഴിലാളികളെ ജോലിക്കെത്തിച്ച ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചെങ്കിലും, കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.  അതേസമയം ഓർലെൻ ആയിരകണക്കിന് വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സർക്കാരിന് വലിയ ഷെയർ ഉള്ള കമ്പനിയാണ് എന്നതും ഓർലെൻ കേസിന്റെ ഗൗരവം വർദ്ദിപ്പിച്ചു. അധികൃതർ വഴി ചില ഇടപെടലുകൾ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹൻ പോളണ്ടിലെ ഒരു ഇൻവെസ്റിഗേറ്റിവ് മാധ്യമത്തെ വിവരം ധരിപ്പിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വേക്ഷണത്തിൽ ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തിൽ നിന്നും വളരെ താഴ്ന്ന വരുമാനത്തിൽ പണിയെടുക്കുന്നവരുടെയും, ശോചനീയമായ താമസവും, വിസയും റെസിഡൻസ് പെർമിറ്റും പുതുക്കി നൽകാതെയും, ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വൻതൊഴിൽ ലംഘനങ്ങളുടെ വിവരങ്ങൾ പുറത്തിവിട്ടു. 

Latest Videos

അവകാശങ്ങൾ ചോദിച്ചെത്തിയവരെ അന്ന് തന്നെ പുറത്താക്കി തൊഴിലാളികളുടെ വായ അടപ്പിക്കാനും കമ്പനി ഇതിനിടയിൽ ശ്രമം നത്തുകയും ചിലരെ ബൗണ്സർഴ്‌സിനെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സർക്കാർ പ്രശ്നത്തിന് നേരിട്ട് മുൻകൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ഇതൊരു ദേശിയവിഷയമായി ദൃശ്യമാധ്യമങ്ങളിൽ അവതരിക്കപ്പെട്ടു. ഓർലെൻ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നൽകിയ ഉപകമ്പനികളാണ് തൊഴിലാക്കികളെ വഞ്ചിച്ചതെന്നു സർക്കാർ അന്വേക്ഷണത്തിൽ ബോധ്യമായി.  358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതിൽ വെറും 114 പേർക്ക് മാത്രമാണ് നിയമപരമായി രേഖകൾ നൽകിയിരുന്നത്. ബാക്കിയുള്ളവരാണ്  വലിയ തൊഴിൽ ലംഘനങ്ങൾക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. 

സർക്കാർ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നല്കിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള  നടപടി സ്വീകരിക്കുകയും ചെയ്തു. പോളണ്ടിൽ മലയാളി ബിയർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചന്ദ്രമോഹൻ ഇതിനും മുമ്പും പോളണ്ടിൽ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. ഉക്രൈനെ-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിൽ എത്തിയ ആയിരകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഹെൽപ്‌ഡെസ്‌കിന്റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.

Read More :  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ റെക്കോർഡ് പരിശോധന; 65,432 റെയ്ഡ്, പിഴ 4.05 കോടി! റെക്കോര്‍ഡ് വര്‍ധനയെന്ന് മന്ത്രി

click me!