എമിറേറ്റ്‌സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്
ദുബായ്: തമിഴ്നാട്ടുകാരൻ മഗേഷ് കുമാർ നടരാജിന് കോടീശ്വരനാകാൻ ഇനി വെറുതെ വീട്ടിരുന്നാൽ മതി. 25 വർഷം കൊണ്ട് 17 കോടിയിലധികം രൂപ വീട്ടിലെത്തും. അങ്ങനെയൊരു ഭാഗ്യം കഴിഞ്ഞ വെള്ളിയാഴ്ച മഗേഷിനെ തേടിയെത്തി. എമിറേറ്റ്‌സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തിൽ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വർഷക്കാലം മഗേഷിന് ലഭിക്കും.ആദ്യമായാണ് യുഎഇക്ക് പുറത്ത് ഈ ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത്.
തമിഴ്നാട്ടിൽ സ്ഥിര താമസക്കാരനും അവിടെ തന്നെ കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയുമായിരുന്നു മഗേഷ്. 2019-ലാണ്, കമ്പനിയുടെ ആവശ്യ പ്രകാരം ജോലിക്കായി നാല് വർഷത്തേക്ക് സൌദി അറേബ്യയിലേക്ക് പോയത്. അങ്ങനെ ദുബായ് വഴിയുള്ള യാത്രകളും സൌഹൃദങ്ങളുമാണ് മഗേഷിനെ ഒടുവിൽ എമിരേറ്റ്സ് ഡ്രോയിലേക്ക് എത്തിച്ചത്. എമിരേറ്റ്സ് ഡ്രോ അധികൃതർ ഫോണിൽ വിളിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞപ്പോഴും മഗേഷിന് ഇത് വിശ്വസിക്കാനായിരുന്നില്ല. ഒടുവിൽ എമിരേറ്റ്സ് നറുക്കെടുപ്പ് നോക്കിയപ്പോഴായിരുന്നു ഭാഗ്യം തന്നെ തുണച്ചുവെന്ന് മഗേഷ് തിരിച്ചറിഞ്ഞത്.
Read more: ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
മോശം അവസ്ഥയിൽ നിന്ന് ഉയർന്നുവന്ന മഗേഷിന് ലഭിച്ച ഭാഗ്യത്തിൽ ഒരു ഭാഗം സമൂഹ സേവനത്തിനായി ഉപയോഗിക്കാനാണ് താൽപര്യം. ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ട വ്യക്തിയാണ് ഞാൻ. എന്റെ പഠന കാലം മുതൽ പലരുടെയും സഹായത്താലാണ് ഞാൻ ഇതുവരെ എത്തിയത്. ഇപ്പോൾ അതെല്ലാം സമൂഹത്തിന് തിരികെ നൽകാനുള്ള സമയമാണ്. അർഹതപ്പെട്ടവർക്ക് എന്നാൽ കഴിയുന്ന സഹായം എത്തിക്കും എന്ന് ഞാൻ ഉറപ്പു പറയുന്നതായും മഗേഷ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എനിക്ക് മറക്കാനാവാത്ത ദിവസമാണ്. എന്റെ മകളുടെ വിദ്യാഭ്യാസത്തിനായും കുടുംബത്തിന്റെ നല്ല ഭാവിക്കായും ഞാൻ ഈ ഭാഗ്യം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം