സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി ഐ.എൻ.എസ് സുമേധ ജിദ്ദയിലെത്തി; സംഘത്തില്‍ 16 മലയാളികളും

By Web Team  |  First Published Apr 26, 2023, 4:52 PM IST

രാത്രി 10.30 ഓടെ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ 278 ഇന്ത്യാക്കാർ


റിയാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലെത്തി. ചൊവ്വാഴ്ച രാത്രി 10.30ഓടെ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സുമേധ കപ്പലിൽ 278 ഇന്ത്യാക്കാരാണുള്ളതെന്ന് സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ‘ഓപറേഷൻ കാവേരി’ക്ക് നേതൃത്വം നൽകാൻ ജിദ്ദയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. 

സംഘത്തെ സ്വീകരിക്കാൻ മന്ത്രിയോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസിൻ ഹമദ് അൽഹിംലിയും എത്തിയിരുന്നു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലം എന്നിവരും ഇന്ത്യൻ മിഷനിലെയും വിവിധ സൗദി വകുപ്പുകളിലെയും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. കപ്പലിറങ്ങിയവരെ പൂച്ചെണ്ടുകളും മധുരവും നൽകിയാണ് വരവേറ്റത്.
സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ ജിദ്ദയിൽനിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പൽ എത്തിച്ചാണ് രക്ഷാ ദൗത്യം തുടങ്ങിയത്. 

Latest Videos

ചൊവ്വാഴ്ച രാവിലെയാണ് സുഡാനിൽ നിന്ന് കപ്പൽ പുറപ്പെട്ടത്. 14 മണിക്കൂർ യാത്ര ചെയ്ത് രാത്രി 10.30-ഓടെ ജിദ്ദയിലെത്തി. സാധാരണ യാത്രാകപ്പലുകൾ സുഡാനിൽ നിന്ന് ജിദ്ദയിലെത്തുന്ന സമയത്തേക്കാൾ വേഗത്തിലാണ് നാവിക സേനയുടെ കപ്പൽ എത്തിയത്. മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ആദ്യ സംഘത്തിൽ എത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം സംഘത്തിലുണ്ട്. 16 പേരാണ് മലയാളികൾ. കപ്പലിനുള്ളിൽ ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സുഡാനിൽ നിന്ന് രക്ഷപ്പെടാനായതിന്റെ സന്തോഷം ജിദ്ദയിലെത്തിയവർ പ്രകടിപ്പിച്ചു. 

ജിദ്ദയിലെത്തിച്ചവരെ വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇതിനായി ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിലെ ബോയ്സ് വിഭാഗം സ്കൂളിലാണ് ആളുകൾക്ക് താത്കാലിക താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾക്ക് ജിദ്ദയിൽ മികച്ച പിന്തുണ നൽകിയ സൗദി അധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ജിദ്ദയിയിലെത്തിച്ച ഇന്ത്യൻനേവിയേയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രശംസിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഓപറേഷൻ കാവേരി’ രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ചുമതലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ജിദ്ദയിലെത്തിയ വിദേശകാര്യ സഹമന്ത്രി സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും കൺട്രോൾ റൂമും ആളുകൾക്ക് ഒരുക്കിയ താമസകേന്ദ്രവും സന്ദർശിക്കുകയും ചെയ്തിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജിദ്ദയിലെത്തുന്നവരെ സ്വീകരിക്കാനും അവരെ താമസിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. 

ഒഴിപ്പിക്കൽ നടപടികൾ എളുപ്പമാക്കാൻ റിയാദിൽ നിന്നും ഇന്ത്യൻ എംബസിയുടെ വലിയൊരു ഉദ്യോഗസ്ഥ സംഘം തന്നെയാണ് ജിദ്ദയിലെത്തിയിട്ടുള്ളത്. മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്ക്. ഘട്ടങ്ങളായാണ് ഇവരെ മടക്കികൊണ്ടുവരുന്നത്. ബാക്കിയുള്ളവരെ സുരക്ഷിതമായി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യാലയം, സുഡാനിലെ ഇന്ത്യൻ എംബസി, സൗദിയിലെ ഇന്ത്യൻ എംബസി എന്നിവയുടെ നേതൃത്വത്തില്‍ തുടരും.

Read also:  കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂരിന്റെ കൂടെ നടക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

click me!