കഴിഞ്ഞ തവണ ഒരക്കം അകലെ കയ്യിൽ നിന്ന് വഴുതിപ്പോയ ഗ്രാന്‍ഡ് പ്രൈസാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചതിന് ശേഷം നടത്തിയ ബിഗ് ടിക്കറ്റ് 262-ാമത് സീരിസ് നറുക്കെടുപ്പിൽ വിജയം കൊയ്തത് പ്രവാസി ഇന്ത്യക്കാരൻ. കഴിഞ്ഞ തവണ ഒരക്കം അകലെ കയ്യിൽ നിന്ന് വഴുതിപ്പോയ ഗ്രാന്‍ഡ് പ്രൈസാണ് ഇപ്പോള്‍ രമേഷ് പെശലാലു കണ്ണൻ തിരികെ പിടിച്ചിരിക്കുന്നത്.
10 മില്യൺ ദിർഹം (22 കോടിയിലേറെ ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയതിൻറെ സന്തോഷത്തിലാണ് ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രമേഷ്. പത്ത് വർഷമായി ഖത്തറിലാണ് രമേഷ്. എല്ലാ മാസവും വിജയിക്കുമെന്നായിരുന്നു പ്രാർത്ഥന. കഴിഞ്ഞ മാസം ഒരു അക്കം അകലെ ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ഇത്തവണയും അതേ അക്കങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരക്കം മാത്രം പക്ഷേ, മാറ്റി. 'എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ തന്നെ വിജയിക്കുമെന്ന്. റമദാൻ മാസത്തിൽ തന്നെ ദൈവം ഈ ഭാഗ്യം കൊണ്ടുവന്നു'- രമേഷ് പറയുന്നു.
ബിഗ് ടിക്കറ്റിന്റെ 'ബൈ ടു ഗെറ്റ് വൺ ഫ്രീ' പ്രൊമോഷൻ ഉപയോഗിച്ച് ഓൺലൈനായാണ് രമേഷ് ടിക്കറ്റെടുത്തത്. 056845 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് രമേഷ് ടിക്കറ്റ് വാങ്ങിയത്. നാട്ടിൽ വീട് പണിയാൻ ബിഗ് ടിക്കറ്റ് സമ്മാനത്തുക ഉപയോഗിക്കാനാണ് രമേഷ് ആഗ്രഹിക്കുന്നത്. നിലവിൽ വാടക വീട്ടിലാണ് താമസം. രക്ഷിതാക്കൾക്ക് വേണ്ടി സ്വപ്നഭവനം പണിയാനുള്ള ആഗ്രഹം നിറവേറ്റാനായി എന്നതിലാണ് രമേഷിന്റെ സന്തോഷം.
Read Also - ഗ്രാന്‍ഡ് പ്രൈസ് തൂക്കി! ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം ഇത്തവണയും ഇന്ത്യയിലേക്ക്; ഭാഗ്യശാലി നേടിയത് കോടികൾ
അതേസമയം ഏപ്രിൽ ഒന്നാം തീയ്യതി മുതൽ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് ബിഗ് ടിക്കറ്റ് അധികൃതരുടെ അറിയിപ്പിൽ പറയുന്നുണ്ട്. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്.