കഴിഞ്ഞ മൂന്ന് വര്‍ഷമായി നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന അദ്ദേഹം ഇത്തവണ ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങിയത്.
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് വമ്പന്‍ സമ്മാനം. ദുബൈയില്‍ പ്രവാസിയായ അലന്‍ ടി ജെയ്ക്കാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് 34കാരനായ ഇദ്ദേഹത്തിന് ഭാഗ്യം കൈവന്നത്. മറ്റൊരു മലയാളിക്ക് ആഢംബര ബൈക്കും സമ്മാനമായി ലഭിച്ചു.
2013 മുതല്‍ ദുബൈയില്‍ താമസിക്കുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി, എന്നെപ്പോലെ നിരവധി പേരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനായി ദുബൈ ഡ്യൂട്ടി ഫ്രീ അതിശയിപ്പിക്കുന്ന അവസരം നല്‍കി അലന്‍ പറഞ്ഞു.
ജബല്‍ അലി റിസോര്‍ട്ട് ആന്‍ഡ് ഹോട്ടലിലെ ചീഫ് എഞ്ചിനീയറാണ് അലന്‍. നവംബര്‍ എട്ടിന് ഓണ്‍ലൈനായാണ് അലന്‍ സമ്മാനാര്‍ഹമായ 487 എന്ന ടിക്കറ്റ് നമ്പര്‍ വാങ്ങിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ തുടക്കം മുതല്‍ ജാക്പോട്ട് നേടുന്ന 240-ാമത് ഇന്ത്യക്കാരനാണ് അദ്ദേഹം.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ 52കാരന്‍ അജി ബാലകൃഷ്ണന്‍ ആഢംബര മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സ്കൗട്ട് ബോബര്ഡ മോഡലാണ് അദ്ദേഹം നേടിയത്. ഡൊമിനിക്കന്‍ സ്വദേശി മെര്‍സിഡീസ് ബെന്‍സ് ജിഎൽഎസ് 450 4എം സ്വന്തമാക്കി. മറ്റൊരു ഇന്ത്യക്കാരനായ പ്രധുല്‍ ദിവാകര്‍ ബിഎംഡബ്ല്യൂ ആര്‍ 1250 ആര്‍ മോട്ടോര്‍ ബൈക്ക് സമ്മാനമായി ലഭിച്ചു.