മരിച്ച ഇന്ത്യക്കാരന്റെ മകൻ തൗസീഫ് അബ്ബാസുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംങ് സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിന് ശേഷം ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരനായ ബാഷ ജാൻ അലി ഹുസൈനാണ് വെടിവെപ്പിൽ മരിച്ച ഇന്ത്യക്കാരൻ. നാല് പാകിസ്ഥാൻ പൗരന്മാരും റോയൽ ഒമാൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് അക്രമികളുമാണ് സംഭവത്തിൽ മരിച്ച മറ്റുള്ളവർ.
മരിച്ച ഇന്ത്യക്കാരന്റെ മകൻ തൗസീഫ് അബ്ബാസുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംങ് സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തിന് ആവശ്യമുള്ള എല്ലാ സഹായവും എംബസി നൽകുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെടിവെപ്പിൽ പരിക്കേറ്റ് മൂന്ന് ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. പരിക്കേറ്റവരുടെ ബന്ധുക്കളുമായും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സംസാരിച്ചു. എല്ലാ സഹായവും എംബസി നൽകുമെന്ന് അറിയിച്ചു.
സംഭവത്തിൽ കൃത്യസമയത്ത് ഒമാൻ സുരക്ഷാ ഏജൻസികൾ നടത്തിയ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനും പ്രതിസന്ധി പരിഹരിക്കാനും അത് സഹായകമായെന്നും അംബാസഡർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ജീവൻ നഷ്ടമായ എല്ലാവരുടെയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ബുധനാഴ്ച എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം