ഞായർ അർദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാൻ ആകുമായിരുന്നില്ല.
റിയാദ്: വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ് ശൈഖ് (3) ആണ് മരിച്ചത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു മരണം. ദമ്മാം അൽ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകൻ സാഹിർ ശൈഖ് (5) ഒഴിച്ച് ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേറ്റു.
ഞായർ അർദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാൻ ആകുമായിരുന്നില്ല. കോമ്പൗണ്ടിന്റെ കാവൽക്കാരനെ ഫോണിൽ വിളിച്ച് കുടുംബം രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ആർക്കും അകത്തേക്ക് കയറാൻ കഴിയുമായിരുന്നില്ല.
Read Also - റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി
അഗ്നിശമന യൂനിറ്റെത്തി തീ അണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച് ഇവർ അബോധാവസ്ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ് ഫഹദിനെ ദമ്മാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സൽമാ കാസിയെ ദമ്മാം മെഡിക്കൽ കോംപ്ലസ് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകൻ സാഹിർ ശൈഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. അഗ്നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരൻ സായിക് ശൈഖ് മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് ആശ്വാസം പകരാനും, മയ്യത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.