ഡിജിറ്റൽ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദിയും; ധാരണാപത്രം ഒപ്പുവെച്ചു

By Web Team  |  First Published Oct 18, 2024, 6:30 PM IST

ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സൗദി കമ്യൂണിക്കേഷൻ ആൻഡ് സ്പേസ് ടെക്നോളജി കമ്മീഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. 


റിയാദ്: ഡിജിറ്റൽ മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും സഹകരിക്കും. ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ)യും സൗദി കമ്യൂണിക്കേഷൻ ആൻഡ് സ്പേസ് ടെക്നോളജി കമ്മീഷനും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടെലികോം റെഗുലേറ്ററി, ഡിജിറ്റൽ മേഖലകളിലെ സഹകരണത്തിനാണിത്. കമീഷനെ പ്രതിനിധീകരിച്ച് ഗവർണർ ഡോ. മുഹമ്മദ് ബിൻ സഊദ് അൽതമീമിയും ടി.ആർ.എയെ പ്രതിനിധീകരിച്ച് ചെയർമാൻ അനിൽ കുമാർ ലഹോട്ടിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യയുടെ കമ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ ഭീമസാനിയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലിയുടെ (ഡബ്ല്യു.ടി.എസ്.എ) പ്രവർത്തനത്തോടനുബന്ധിച്ചാണ് കരാർ ഒപ്പിടലുണ്ടായത്. ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ മേഖലകളിൽ സംയുക്ത പഠനങ്ങൾ നടത്തും. ഇതടക്കം നിരവധി മേഖലകളിൽ ഇരു കക്ഷികളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും.

Latest Videos

undefined

കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി മേഖലയിലെ വിവരങ്ങളും അറിവും കൈമാറുന്നതിനും ഡിജിറ്റൽ റെഗുലേഷൻ അക്കാദമി ഒരുക്കുന്ന പരിശീലന പരിപാടികളുടെ പ്രയോജനം ആർജിക്കുന്നതിനും ഈ ധാരണാപത്രം വഴി തുറക്കും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുക, ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പൊതുവായ താൽപ്പര്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ ബന്ധങ്ങൾ വികസിപ്പിക്കുക, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിെൻറ വികസനത്തിന് ആക്കംകൂട്ടുന്ന മികച്ച അവസരങ്ങൾ വർധിപ്പിക്കുക എന്നിവയും കരാറിലുടെ ലക്ഷ്യമിടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!