സൂക്ഷിച്ചില്ലേൽ പണി കിട്ടും, ദുബായ് എമിറേറ്റ് ചിഹ്നം ദുരുപയോ​ഗം ചെയ്താൽ 5 വർഷം തടവും 5 ലക്ഷം ദിർഹം പിഴയും

യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്


ദുബായ്  : ദുബായ് എമിറേറ്റിന്റെയും ​ദുബായ് ​ഗവൺമെന്റിന്റെയും ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. 

ദുബായ് ​ഗവൺമെന്റിന്റെ ലോ​ഗോ സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും  കെട്ടിടങ്ങൾ, സൈറ്റുകൾ, ഇവന്റുകൾ, പ്രവർത്തനങ്ങൾ, രേഖകൾ, ആപ്ലിക്കേഷനുകൾ, സൈറ്റുകൾ എന്നിവിടങ്ങളിൽ ഉപയോ​ഗിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അവരുടെ ആവശ്യങ്ങൾക്കായി ദുബായ് എമിറേറ്റിന്റെ ചിഹ്നം ഉപയോഗിക്കുന്നത് നിയമം കർശനമായി വിലക്കുന്നുണ്ട്. എന്നാൽ, ബന്ധപ്പെട്ട അധികാരികളുടെ പ്രത്യേക അനുമതിയോടെ ലോ​ഗോ ഉപയോ​ഗിക്കാൻ കഴിയും. വാണിജ്യ ആവശ്യങ്ങൾക്കോ ​​പരസ്യ ഉൽപ്പന്നങ്ങൾ, സാധനങ്ങൾ, വസ്തുക്കൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയ്‌ക്കോ ചിഹ്നം ഉപയോഗിക്കുന്നതും മൂല്യത്തെയോ പദവിയെയോ വളച്ചൊടിക്കുന്ന വിധത്തിൽ ചിഹ്നം ദുരുപയോഗം ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. 

Latest Videos

read more: സൗദിയിൽ ലൈസൻസ് ഇല്ലാതെ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ 50,000 റിയാൽ വരെ പിഴ

നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ലോ​ഗോ ഉപയോ​ഗിച്ചാൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്നതായിരിക്കും. കൂടാതെ, അനുമതിയില്ലാതെ ലോ​ഗോ ഉപയോ​ഗിച്ചിട്ടുള്ളവർ 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും നിയമം പറയുന്നുണ്ട്. പുതിയ നിയമം വന്നതോടെ ദുബായ് എമിറേറ്റിന്റെ ചിഹ്നത്തെ സംബന്ധിച്ച 2023 ലെ നിയമം (17) അസാധുവാകുമെന്നും അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ മറ്റ് നിയമ വ്യവസ്ഥ റദ്ദാക്കപ്പെടുകയും ചെയ്യുന്നതായിരിക്കും.

click me!