സ്കൂൾ ബസുകൾ സ്റ്റോപ്പ് സിഗ്നൽ ഇട്ടിട്ടും അത് മറി കടന്ന് വാഹനം നിർത്താതെ ഓടിച്ചുപോകുന്ന പ്രവണത വർധിച്ചു വന്നിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്
അബുദാബി : സ്കൂൾ ബസുകൾ സ്റ്റോപ്പ് സിഗ്നൽ ഇട്ടാൽ മറ്റ് യാത്രക്കാർ അത് മറികടന്ന് വാഹനമോടിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് ഇതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ബസുകൾ സ്റ്റോപ്പ് സിഗ്നൽ ഇട്ടിട്ടും അത് മറി കടന്ന് വാഹനം നിർത്താതെ ഓടിച്ചുപോകുന്ന പ്രവണത വർധിച്ചു വന്നിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
നിലവിലുള്ള നിയന്ത്രണങ്ങൾ വിവരിച്ചുകൊണ്ട് പൊതു ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി പോലീസ് അധികൃതർ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് സ്കൂൾ കുട്ടികളുടെ ജീവന് ഭീഷണി വരുത്തിയ ചില വാഹനങ്ങളുടെ ചിത്രങ്ങളും കാണാം.
read more: മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്
സ്കൂൾ ബസുകൾ 'സ്റ്റോപ്പ്' ചിഹ്നം പ്രദർശിപ്പിക്കുമ്പോൾ വാഹനമോടിക്കുന്നവർ പൂർണ്ണമായും വാഹനം നിർത്തിയിടണം. കൂടാതെ, ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി ഏറ്റവും കുറഞ്ഞത് അഞ്ച് മീറ്റർ ദൂരം പാലിക്കുകയും വേണം. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.