ആറു വര്‍ഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന ഈ പദ്ധതിക്കായി യോഗ്യരായവരെ തേടി ജർമൻ സംഘം കേരളത്തിലെത്തിയിരുന്നു.
തിരുവനന്തപുരം: ജര്‍മനിയില്‍ റെയില്‍പാത നിര്‍മ്മാണത്തില്‍ നിരവധി പേര്‍ക്ക് ജോലി സാധ്യത. കേരളത്തില്‍ നിന്ന് മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകള്‍ പാസായ 4000ത്തോളം പേര്‍ക്കാണ് ജോലി സാധ്യതയുള്ളത്. ആറു വര്‍ഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി യോഗ്യരായവരെ തേടി ജർമൻ സംഘം കേരളത്തിലെത്തിയിരുന്നു. നിലവിൽ റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത് 2030ത്തോടെ പൂർത്തിയാക്കണം.
ജര്‍മന്‍ റെയിൽവേ നവീകരണം ഏറ്റെടുത്തത് ഡോയ്ച് ബാൻ (ഡിബി) കമ്പനിയാണ്. ഈ കമ്പനിക്ക് വേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) ആണ് റിക്രൂട്ടിങ് നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപയാണ് പ്രതിമാസശമ്പളം. പ്രാരംഭ ഘട്ടത്തില്‍ മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബി.ടെക്, പോളിടെക്‌നിക്, ഐടിഐ കോഴ്സുകള്‍ പാസായ 4,000ത്തോളം പേര്‍ക്കാകും തൊഴില്‍ സാധ്യതയുള്ളത്.
Read Also - 5,000 ദിര്‍ഹം ശമ്പളം, വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം; യുഎഇയിൽ നിരവധി ഒഴിവുകൾ
തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിലാണ് ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്. മന്ത്രി വി ശിവൻകുട്ടി, കേയ്സ് എംഡി ഡോ.വീണ എൻ.മാധവൻ ഐഎഎസ് തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനും ചില എൻജിനീയറിങ്, പോളിടെക്നിക് സ്ഥാപനങ്ങളും സന്ദർശിച്ചാണ് സംഘം മടങ്ങിയത്. അടുത്ത ഘട്ടത്തില്‍ സംഘം വീണ്ടുമെത്തും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ പരിശീലനം നല്‍കിയാകും ജര്‍മനിയിലേക്ക് അയയ്ക്കുക. ജര്‍മന്‍ ഭാഷ പഠനത്തിനൊപ്പം കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും നല്‍കും. നഴ്സുമാരെ ജർമൻ ഭാഷ പഠിപ്പിച്ച് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിൾ വിൻ’ പരിപാടി കേരളത്തിൽ നോർക്കയുമായി ചേർന്ന് ജർമൻ ഏജൻസികൾ നടത്തുന്നുണ്ട്.