പേടിപ്പെടുത്തുന്ന തരം അലര്‍ച്ചയായിരുന്നെങ്കിലും അത് തങ്ങളെ കബളിപ്പിക്കാനോ തമാശ കാണിക്കാനോ ലക്ഷ്യംവെച്ചുള്ളതല്ലെന്ന് ജീവനക്കാര്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞതായി യല്ല മാര്‍ക്കറ്റ് കസ്റ്റമര്‍ സക്സസ് വിഭാഗം മേധാവി സെനിയ പറഞ്ഞു.
ദുബൈ: അപ്രതീക്ഷിതമായി ലഭിച്ച ഒരു വോയിസ് മെസേജ് പിന്തുടര്‍ന്ന ദുബൈയിലെ ഒരു ഗ്രോസറി ഡെലിവറി ആപ് ജീവനക്കാര്‍ ഇന്ന് ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ദുബൈയിലെ പ്രമുഖ ഡെലിവറി ആപായ 'യല്ലാ മാര്‍ക്കറ്റിന്റെ' ചാറ്റ് ഓപ്ഷന്‍ വഴി കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ഒരു വോയിസ് മെസേജ് ലഭിച്ചത്. സന്ദേശം പരിശോധിച്ചപ്പോള്‍ ഒരു നിലവിളി മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.
പേടിപ്പെടുത്തുന്ന തരം അലര്‍ച്ചയായിരുന്നെങ്കിലും അത് തങ്ങളെ കബളിപ്പിക്കാനോ തമാശ കാണിക്കാനോ ലക്ഷ്യംവെച്ചുള്ളതല്ലെന്ന് ജീവനക്കാര്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞതായി യല്ല മാര്‍ക്കറ്റ് കസ്റ്റമര്‍ സക്സസ് വിഭാഗം മേധാവി സെനിയ പറഞ്ഞു. അസഹനീയമായ വേദന കൊണ്ട് നിലവിളിക്കുന്നത് പോലെയാണ് തോന്നിയത്. സന്ദേശം അയച്ച ആളിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ തങ്ങളുടെ സ്ഥിരം ഉപഭോക്താവായ ഒരു യുവതിയാണെന്ന് മനസിലായി. അപ്രതീക്ഷിതമായാണ് ഇത്തരമൊരു സന്ദേശം കിട്ടിയതെങ്കിലും അവര്‍ക്ക് എന്തോ സഹായം ആവശ്യമുണ്ടെന്ന് തങ്ങള്‍ മനസിലാക്കിയതായി ജീവനക്കാര്‍ പറഞ്ഞു.
ആപിന്റെ കസ്റ്റമര്‍ കെയറില്‍ നിന്ന് ജീവനക്കാര്‍ ഫോണ്‍ വഴിയും ചാറ്റ് വഴിയും തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ തങ്ങളുടെ ഉപഭോക്താവ് എന്തോ അപകടത്തിലാണെന്ന് മനസിലാക്കിയ ജീവനക്കാര്‍ വിവരം ദുബൈ പൊലീസിനെ അറിയിച്ചു. വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തെ ചെയ്ത ഓര്‍ഡറുകളുടെ വിശദാംശങ്ങളിലുണ്ടായിരുന്നു. സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് സംഘം യുവതിയെ കണ്ടെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി സുരക്ഷിതയാണെന്ന് പൊലീസില്‍ നിന്ന് മറുപടി കിട്ടുന്നത് വരെ ചാറ്റ് ഓപ്ഷന്‍ കട്ട് ചെയ്യാതെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍ മറുപടി കാത്തിരിക്കുകയും ചെയ്തു.
ആശുപത്രിയില്‍ വെച്ച് പിന്നീട് സുഖം പ്രാപിച്ച യുവതിയെ യെല്ലാ മാര്‍ക്കറ്റ് പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും തങ്ങളുടെ ഉപഹാരം കൈമാറുകയും ചെയ്‍തു. യുവതിയുടെ സ്വകാര്യത മാനിച്ച് അവരുടെ പേരോ മറ്റ് രേഖകളോ അവരുടെ രോഗാവസ്ഥ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വിഷമഘട്ടത്തില്‍ തന്നെ സഹായിച്ച ഡെലിവറി ആപ് ജീവനക്കാര്‍ക്ക് യുവതിയും നന്ദി അറിയിച്ചു.