വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
ദുബൈ: യുഎഇ സന്ദര്‍ശിക്കാന്‍ 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും (General Directorate of Residency and Foreigners Affairs - GDRFA) യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ വിമാനക്കനികളും നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
30 ദിവസം കാലാവധിയുള്ള വിസ
20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിലവില്‍ യുഎഇ 30 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിക്കുന്നത്. ഇവര്‍ക്ക് യുഎഇയില്‍ ഇറങ്ങിയ ശേഷം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ച് പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്‍ത് വാങ്ങാം. ഇതിന് പണം നല്‍കേണ്ടതില്ല. 30 ദിവസം കാലാവധിയുള്ള വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. അൻഡോറ, ഓസ്‍ട്രേലിയ, ബ്രൂണെ, കാനഡ, ചൈന, ഹോങ്കോങ്ങ്, ജപ്പാന്‍, കസാഖിസ്ഥാന്‍, മകൗ, മലേഷ്യ, മൗറീഷ്യസ്, മൊണാകോ, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, സാന്‍മറീനോ, സിംഗപ്പൂര്‍, യുക്രൈന്‍, യുകെ - നോര്‍ത്തണ്‍ അയര്‍ലന്റ്, അമേരിക്ക, വത്തിക്കാന്‍.
90 ദിവസം കാലാവധിയുള്ള വിസ
53 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യുഎഇയില്‍ 90 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത്. വിസ ഇഷ്യൂ ചെയ്യുന്ന ദിവസം മുതല്‍ ആറ് മാസമാണ് ഇതിന്റെ കാലാവധി. ആകെ 90 ദിവസം രാജ്യത്ത് താമസിക്കാം. 90 ദിവസം കാലാവധിയുള്ള വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. അര്‍ജന്റീന, ഓസ്‍ട്രിയ, ബഹാമസ് ദ്വീപുകള്‍, ബാർബേഡോസ്, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, കൊളംബിയ, കോസ്റ്റോറിക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എൽ സാൽവദോർ, ഈസ്റ്റോണിയ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോണ്ടുറാസ്, ഹംഗറി, ഐസ്‍ലന്റ്, ഇറ്റലി, കിരീബാസ്, ലാത്വിയ, ലിക്റ്റൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബര്‍ഗ്, മാല്‍ദ്വീവ്സ്, മാള്‍ട്ട, മോണ്ടിനെഗ്രോ, നൗറു, നെതര്‍ലന്റ്സ്, നോര്‍വെ, പരാഗ്വെ, പെറു, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, റഷ്യ, സെന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ്, സാൻ മരീനോ, സെര്‍ബിയ, സീഷെല്‍സ്, സ്ലൊവാക്യ, സ്ലൊവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്‍പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, ഉറുഗ്വെ.
ഈ വിസയ്‍ക്കും പണം നല്‍കേണ്ടതില്ല.
180 ദിവസം കാലാവധിയുള്ള വിസ
മെക്സിക്കന്‍ പാസ്‍പോര്‍ട്ട് ഉള്ളവര്‍ക്കാണ് യുഎഇയില്‍ 180 ദിവസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. വിസ ഇഷ്യൂ ചെയ്‍ത തീയ്യതി മുതല്‍ ആറ് മാസമായിരിക്കും ഇതിന്റെ കാലാവധി. ആകെ 180 ദിവസം വരെ രാജ്യത്ത് താമസിക്കാം.
14 ദിവസം കാലാവധിയുള്ള വിസ
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ യുഎഇയില്‍ 14 ദിവസം കാലവധിയുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇന്ത്യന്‍ പാസ്‍പോര്‍ട്ടും അമേരിക്കയുടെയോ യു.കെയുടെയോ ഗ്രീന്‍ കാര്‍ഡോ വിസിറ്റ് വിസയോ ഉണ്ടെങ്കിലാണ് യുഎഇയില്‍ 14 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക. ഇവരുടെ ഗ്രീന്‍ കാര്‍ഡിനും വിസയ്ക്കും യുഎഇയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ ആറ് മാസത്തെ കാലാവധിയുണ്ടാകണമെന്നും നിബന്ധനയുണ്ട്.