കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം സമദ് അൽ-ഷാൻ പ്രദേശത്തെ അൽ മുദൈബിയിലെ വിലായത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
മസ്കറ്റ്: ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ എണ്ണം 12ആയിരുന്നു. ഇപ്പോളത് 17 ആയി ഉയർന്നിട്ടുണ്ട്. കാണാതായ മറ്റൊരാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ കാണാതായ 4 പേരുടെയും മൃതദേഹം ഇന്ന് കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം സമദ് അൽ-ഷാൻ പ്രദേശത്തെ അൽ മുദൈബിയിലെ വിലായത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഒമാനിൽ ദുരിതം വിതച്ച് മഴ തുടരുകയാണ്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.